കൊല്ലം: കാർഷിക മേഖലയെ ഇന്തോ- യു.എസ് കരാറിൽ നിന്നൊഴിവാക്കിയില്ലെങ്കിൽ രാജ്യത്ത് ഓരോ സെക്കൻഡിലും ഓരോ ആത്മഹത്യ നടക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനിയിൽ ആരംഭിച്ച അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറിൽ നിന്ന് കാർഷികമേഖലയെ ഒഴിവാക്കണം. അടുത്ത പതിറ്റാണ്ടിൽ കേരളം കാർഷികമേഖലയിൽ മുൻനിരയിലെത്തും. വരും തലമുറയെക്കൂടി കാർഷികരംഗത്തേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിലെ വിവിധ പവലിയനുകൾ കേരളകർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി രാമചന്ദ്രനും വൈസ്‌പ്രസിഡന്റ് ജോർജ്മാത്യുവും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. എം.നൗഷാദ് എം.എൽ.എ, എൻ.എസ് പ്രസന്നകുമാർ, സി.ബാൾഡുവിൻ, കെ.രാജഗോപാൽ എന്നിവർ സംസാരിച്ചു. അഗ്രിഫെസ്റ്റ് മാർച്ച് 2 വരെ നീണ്ടുനിൽക്കും. രാവിലെ 11 മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം.