കൊട്ടാരക്കര : പൗരത്വ ബില്ലിനെതിരെ ലജ്നത്തുൽ മുഅല്ലിമീൻ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കൊട്ടാരക്കര ചന്തമുക്കിൽ ഭരണഘടന സംരക്ഷണ റാലിയും ജനകീയ പ്രതിഷേധ സമ്മേളനവും നടക്കുന്നതിനാൽ കൊട്ടാരക്കര ടൗണിൽ വൈകിട്ട് നാല് മണി മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപെടുത്തി. മുസ്ലിം സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് ചന്തമുക്ക്, പുലമൺ കവല ചുറ്റി തിരികെ ചന്തമുക്കിൽ റാലി സമാപിക്കും. ചന്തമുക്ക് പ്രസ് ക്ലബ്ബിനോട് ചേർന്നുള്ള മുൻസിപ്പൽ കോംപ്ലക്സ് അങ്കണത്തിലാണ് പ്രതിഷേധ സമ്മേളനം നടക്കുന്നത്.
കൊല്ലം ഭാഗത്തുനിന്ന് പുനലൂരിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലത്തുംകാല ജംഗ്ഷൻ - അമ്പലപുറം - നെല്ലിക്കുന്നം - സദാനന്ദപുരം - കൊട്ടാരക്കര വഴി പുനലൂരിലേക്കും, കൊല്ലം ഭാഗത്തുനിന്നും കൊട്ടാരക്കര ടൗണിലേക്ക് വരുന്ന സർവീസ് ബസുകൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ആളുകളെ ഇറക്കി തിരികെ കൊല്ലത്തേക്കും പോകണം. പുത്തൂർ ഭാഗത്തുനിന്നും വരുന്ന സർവീസ് ബസുകൾ മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്. ഓയൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഗാന്ധിമുക്കിൽ ആളെ ഇറക്കി തിരികെ പോണം. പുനലൂർ ഭാഗത്തുനിന്നും കൊട്ടാരക്കര, കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊല്ലം റൂട്ടിലേക്ക് നേരെ പോകേണ്ടതാണ്. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കര യിലേക്കും തിരികെ കൊട്ടാരക്കരയിൽ നിന്ന് പുത്തൂർ ഭാഗത്തേക്കും പോകുന്ന ചെറിയ വാഹനങ്ങൾ മിനർവാ ജംഗ്ഷൻ ലോട്ടസ് റോഡ് വഴി പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ലോട്ടസ് റോഡിൽ പ്രവേശിക്കണം. വൈകിട്ട് 4 മണി മുതൽ പരിപാടി അവസാനിക്കുന്നത് വരെ ഗതാഗതനിയന്ത്രണം തുടരുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.