കരുനാഗപ്പള്ളി : ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിന് പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിന് 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്കൂളിന്റെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യാൻ കരുനാഗപ്പള്ളിയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ കുട്ടികൾ നടത്തിയ ഫ്ലാഷ് മോബും സൈക്കിൾ റാലിയും ശ്രദ്ധേയമായി.പെൺകുട്ടികളുടെ നേതൃത്വത്തിലൊരുക്കിയ ഫ്ലാഷ് മോബ് ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നിന്ന് ഹെഡ്മിസ്ട്രസ് ജി. ലീലാമണി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കൊച്ചോച്ചിറ , മുഴങ്ങോട്ടു വിള, പുതിയകാവ് , വെളുത്തമണൽ, മാരാരിത്തോട്ടം, ലാലാജി ജംഗ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി സ്കൂളിനു മുന്നിൽ സമാപിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കുട്ടികൾ അണിനിരന്ന സ്കൂൾ ഓൺ വീൽസ്' എന്ന പേരിൽ സംഘടിപ്പിച്ച സൈക്കിൾ റാലി സ്കൂൾ മാനേജർ വി. രാജൻപിള്ള ഉദ്ഘാടനം ചെയ്തു. വർണബലൂണുകളും റിബണുകളുമായി ആറു ബാങ്കുകളായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.