punishment

കൊല്ലം: വിവാഹ തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയയെയും മകളെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിന തടവും പതിനായിരം രൂപ വീതം പിഴയും കൊല്ലം ഫസ്​റ്റ് അഡിഷണൽ അസിസ്​റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ. സമീർ ശിക്ഷ വിധിച്ചു.

കുണ്ടറ പടപ്പക്കര അച്ചന്റെവിള ജംഗ്ഷനിൽ അച്ചന്റെവിള വടക്കതിൽ ഡാലിയ ഭവനത്തിൽ അതിക്രമിച്ച് കയറി ഗൃഹനാഥനായ യേശുദാസൻ, ഭാര്യ ലീലാമ്മ, മകൾ, മ​റ്റ് ബന്ധുക്കൾ എന്നിവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പടപ്പക്കര മുനമ്പത്ത് തൊടിയിൽ സാജൻ, ഷൈല വിലാസത്തിൽ ഷൈൻ കുമാർ, ഷാൻ കുമാർ, ജോസ് വിലാസത്തിൽ പ്രസാദ്, സനൂജ വിലാസത്തിൽ സാജൻ, സ്​റ്റാൻലി വിലാസത്തിൽ ബോസ്, ഈശോ നാമം വീട്ടിൽ വിജയൻ, ജയവിലാസം വീട്ടിൽ അനി, ജിഷ ഭവനിൽ നിഷാദ് എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 120 (ബി), 143, 147, 148, 323, 34, 326, 427, 452, 308,149 വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. കേസിലെ ഏഴ്, ഒൻപത് പ്രതികൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. എട്ടാം പ്രതിയുടെ കേസ് റീഫയൽ ചെയ്തിട്ടുണ്ട്.
കുണ്ടറ പൊലീസ് എസ്.ഐ ആയിരുന്ന ശ്രീകുമാർ, റിയാസ് രാജു, കമറുദ്ദീൻ എന്നിവരാണ് തുടരന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ആർ. സേതുനാഥ്, കെ.ബി. മഹേന്ദ്ര, എസ്. ശാലിനി എന്നിവർ ഹാജരായി.