amirtha-
അമൃതയിൽ നടന്ന ത്രിദിന ശില്പശാല

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ്, നെതർലൻഡ്സിലെ ഡെൽഫ്ട് യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയുമായി സഹകരിച്ച് സുസ്ഥിര ജല പരിപാലനത്തെക്കുറിച്ച് ത്രിദിന ശിൽപശാല സംഘടിപ്പിച്ചു. നെതർലാൻഡ്സ് ഗവേഷകർക്ക് സുസ്ഥിര ജല മാനേജ്മെന്റ് മേഖലയിൽ ശാശ്വത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഗവേഷണപാത രൂപകൽപ്പന ചെയ്യാനും അവരുടെ ഗവേഷണശേഷി മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ശിൽപശാല വേദിയൊരുക്കി. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ നല്ല ആരോഗ്യം, ക്ഷേമം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശുദ്ധജലം, ശുചിത്വം, സുസ്ഥിര നഗരങ്ങളും സമൂഹവും, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവ പരിഹരിക്കുന്നതിന് ഗ്രാമീണ, നഗര സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ഗവേഷണ മാർഗങ്ങൾ വർക്ക്‌ഷോപ്പ് വിഭാവനം ചെയ്തു.

ഡെൽഫ്ട് സർവകലാശാലയിൽ നിന്ന് എൻവയോൺമെന്റൽ എൻജിനിയറിംഗ് പ്രൊഫസർ ഡോ. ജൂൾസ് വാൻ ലിയർ, സിവിൽ എൻജിനിയറിംഗ് അസി. പ്രൊഫസർ ഡോ. സാകേത് പാണ്ഡെ എന്നിവർ പങ്കെടുത്തു. അമൃത വിശ്വവിദ്യാപീഠത്തിന്റെ നാല് കാമ്പസുകളിൽ നിന്ന് 30 വക്താക്കളടക്കം 60 പേർ പങ്കെടുത്തു. സ്‌കൂൾ ഒഫ് ബയോടെക്‌നോളജി, സെന്റർ ഫോർ വയർലസ് നെറ്റ്‌വ‌ർക്ക് ആൻഡ് ആപ്ലിക്കേഷൻ, സെന്റർ ഫോർ ഇന്റർനാഷണൽ പ്രോഗ്രാംസ്, അമ്മച്ചി ലാബ്‌സ്, സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിലെയും അമൃതപുരി, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലെ സ്‌കൂൾ ഒഫ് ബിസിനസിൽ നിന്നുള്ളവരും സന്നിഹിതരായിരുന്നു. ലൈവ് ഇൻ ലാബ്‌സ് പ്രോഗ്രാമിലൂടെയും ശുദ്ധമായ കുടിവെള്ളത്തിനായുള്ള ജീവാമൃതം പദ്ധതിയിലൂടെയും ഗ്രാമ, നഗര സമൂഹങ്ങൾക്ക് ശുദ്ധമായ ജലലഭ്യതയും സുരക്ഷിതമായ ശുചിത്വവും നൽകുക എന്നതായിരുന്നു ഈ സഹകരണ ഗവേഷണ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം.