asramam
ആശ്രാമം മൈതാനത്തിന് ചുറ്റും ടൂറിസം വകുപ്പ് ഒരുക്കുന്ന ഹെറിറ്റേജ് വാക്ക് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

 ടൂറിസം വകുപ്പിന്റെ 'ഹെറിറ്റേജ് വാക്ക് ' പദ്ധതി വരുന്നു

കൊല്ലം: കശുഅണ്ടിയും കയറും കരിമീനും ഒത്തുചേരുന്ന കൊല്ലത്തിന്റെ പാരമ്പര്യം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താൻ ആശ്രാമം മൈതാനമൊരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മൈതാനത്തിന് ചുറ്റും കൊല്ലത്തിന്റെ ജീവിത ചരിത്രം ഒത്തിണക്കുന്ന 'ഹെറിറ്റേജ് വാക്ക്' പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു.

 ഹെറിറ്റേജ് വാക്ക് ?

2.97 കോടി രൂപ ചെലവിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ആശ്രാമം മൈതാനത്തെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മൈതാനത്തിന്റെ വിവിധയിടങ്ങളിലായി ആറ് കേന്ദ്രങ്ങൾ സജ്ജമാക്കും. ഇവിടെ കയർ, കശുഅണ്ടി, മത്സ്യ സമ്പത്ത് തുടങ്ങി കൊല്ലത്തിന്റെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന പ്രധാനപ്പെട്ട ആറ് വിഭാഗങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്‌ക്കുമായി സജ്ജമാക്കും.

 അടുത്തറിയാം സന്ദർശകർക്ക്

1.5 കോടി രൂപ ചെലവിൽ ടൂറിസം വകുപ്പ് മൈതാനത്തിന് ചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. രണ്ട് കിലോമീറ്ററിലേറെ വരുന്ന ഈ പാതയിലൂടെ മൈതാനത്തിന് ചുറ്റുമായി നടക്കുമ്പോൾ കൊല്ലത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സ്വദേശികളും വിദേശികളുമായ കാഴ്ചക്കാർക്ക് അടുത്തറിയാൻ കഴിയണമെന്ന ലക്ഷ്യമാണ് ഹെറിറ്റേജ് വാക്കിലൂടെ ടൂറിസം വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല.

 ആറ് കേന്ദ്രങ്ങൾ, കൊല്ലത്തിന്റെ അടയാളങ്ങൾ

1. കശുഅണ്ടി

2. തഴയും കരകൗശല വസ്‌തുക്കളും

3. കൊല്ലത്തിന്റെ കലകൾ

4. നാളീകേരവും കയറും

5. കരിമീൻ അടക്കമുള്ള മത്സ്യങ്ങൾ

6. വന ഉൽപ്പന്നങ്ങൾ

 കശുമാവിന്റെ തണലും കശുഅണ്ടി സംസ്‌കരണവും

കൊല്ലത്തിന്റെ പ്രധാനപ്പെട്ട ആറ് ജീവിത അടയാളങ്ങളെയാണ് മൈതാനത്തെ ആറ് കേന്ദ്രങ്ങൾ രേഖപ്പെടുത്തുക. കശുഅണ്ടിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ കശുമാവ്, കശുഅണ്ടി സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ തുടങ്ങിയവ ഉണ്ടാകും. ലളിതകലാ അക്കാഡമിയുടെ കേന്ദ്രത്തിൽ കലാകാരൻമാർക്ക് ചിത്രങ്ങൾ വരയ്‌ക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ഉണ്ടാകും.

കശുഅണ്ടിയുടെ കേന്ദ്രം കശുഅണ്ടി വികസന കോർപ്പറേഷന് നൽകാൻ ധാരണയായി. സമാനരീതിയിൽ ഓരോ സർക്കാർ ഏജൻസികൾക്കാണ് നിർമ്മാണം പൂർത്തിയാകുന്ന കേന്ദ്രങ്ങൾ കൈമാറുക.

 ചുവരിൽ കൊല്ലത്തിന്റെ കല, വിശ്രമ കേന്ദ്രവും

 ഡൽഹിയിലെ ഹെറിറ്റേജ് വില്ലേജിന് സമാനം

കൊല്ലത്തിന്റെ ചരിത്രവും കലയും അടയാളപ്പെടുത്തുന്ന മതിൽ, ആംഫി തിയേറ്റർ, വിശ്രമ കേന്ദ്രം, ശുചിമുറി സൗകര്യം, ഇരിപ്പിടങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ നടപ്പാതയ്‌ക്ക് ചുറ്റുമുണ്ടാകും. രാത്രി കാഴ്ചകൾ കൂടുതൽ മനോഹരമാക്കാൻ ശ്രദ്ധേയമായ വെളിച്ച വിന്യാസവും സജ്ജമാക്കും. ഇതോടെ ഡൽഹിയിലെ ഹെറിറ്റേജ് വില്ലേജുകൾക്ക് സമാനമായ അന്തരീക്ഷം ഇവിടെ സഞ്ചാരികൾക്ക് ലഭിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

....................

 കൊല്ലത്തിന്റെ പാരമ്പര്യത്തെ ആശ്രാമത്ത് രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ജൂണിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമം.

സി. സന്തോഷ് കുമാർ, സെക്രട്ടറി, ഡി.ടി.പി.സി