kandal-
മാലിന്യം സ്ഥിരമായി കത്തിച്ചതിനാൽ നശിച്ച കണ്ടൽച്ചെടികൾ

 മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടൽച്ചെടികൾക്ക് കീഴെ

 കത്തിയമർന്നത് 9 കണ്ടൽച്ചെടികൾ

കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ആശ്രാമത്ത് കണ്ടൽച്ചെടികൾ കൂട്ടത്തോടെ തീയിട്ട് നശിപ്പിച്ചു. പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച പ്രദേശത്തിനോടനുബന്ധിച്ചുള്ള അഡ്വഞ്ചർ പാർക്കിലാണ് കണ്ടൽച്ചെടികൾ നശിപ്പിച്ചത്.

പാർക്കിലെ മാലിന്യം കണ്ടൽച്ചെടികൾക്ക് കീഴിലിട്ടാണ് പതിവായി കത്തിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട ചെടികളാണ് മാലിന്യത്തിനൊപ്പം കത്തിയമരുന്നതെന്ന് മനസിലാക്കിയിട്ടും തെറ്റ് തിരുത്താൻ ജീവനക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

പതിവായി മാലിന്യം ഇവിടെ കൂട്ടിയിട്ട് കത്തിച്ചതിലൂടെ കണ്ടൽച്ചെടികൾക്കൊപ്പം മരങ്ങളും കരിയുന്നുണ്ട്. പാർക്കിലെത്തുന്നവർ നിക്ഷേപിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് സംസ്‌കരിക്കാതെ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവിടെ. കണ്ടൽച്ചെടികളുടെ പ്രാധാന്യം തിരിച്ചറിയാൻ അഡ്വഞ്ചർ പാർക്കിന് കഴിയാതെ പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.