കൊട്ടാരക്കര: കൊട്ടാരക്കര റെയിൽവേ ഓവർബ്രിഡ്ജ് റോഡിന്റെ ഇരുവശവുമുള്ള കോൺക്രീറ്റു തൂണുകൾ തകർന്നത് അപകഭീഷണി ഉയർത്തുന്നു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കൊല്ലം ചെങ്കോട്ട റോഡിൽ മഞ്ചേരി മുക്കുവരെ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണുകളിൽ മിക്കതും വാഹനങ്ങൾ ഇടിച്ചും അല്ലാതെയും തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം ഓവർബ്രിഡ്ജ് റോഡിൽ കോൺക്രീറ്റ് പാർശ്വഭിത്തി ഉയർത്തിക്കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോൺഗ്രീറ്റ് ഭിത്തിയോ തൂണുകളോ ഇല്ലാത്തതു മൂലം റെയിൽവേ ഓവർബ്രിഡ്ജിനു മുകൾ ഭാഗത്തു നിന്ന് താഴേയ്ക്ക് വീണ് പലപ്പോഴും വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. അപകടങ്ങളിൽ മിക്കതും രാത്രി കാലങ്ങളിലായതിനാൽ വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടില്ല.
തെരുവ് വിളക്കില്ല
കൊട്ടാരക്കര റെയിൽവേ സ്റ്റഷനു സമീപമുള്ള മേൽപ്പാലം പുതുക്കി പണിതതോടെ ഇവിടെയുണ്ടായിരുന്ന തെരുവു വിളക്കുകൾ ഇല്ലാതായി. ഓവർ ബ്രിഡ്ജ് ഭാഗം രാത്രി ഇരുട്ടിലായതിനാൽ ഇഴജന്തുക്കൾ വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. തെരുവു വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭയും വൈദ്യുതി ബോർഡും സംയുക്തമായി നടപടി സ്വീകരിക്കമമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.