photo
കച്ചേരിമുക്കിലെ വിവാദ ഭൂമിയിൽ എക്സൈസിന് പാർക്കിംഗ് സ്ഥലമൊരുക്കാൻ എക്സൈസ് അധികൃതർ എത്തിയപ്പോൾ

കൊട്ടാരക്കര: കൊട്ടാരക്കര കച്ചേരിമുക്കിലെ ഭൂമിയെച്ചൊല്ലി വീണ്ടും വിവാദം, അവകാശവാദമുന്നയിച്ചെത്തിയ എക്സൈസ് അധികൃതരെ റവന്യൂ അധികൃതർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് എക്സൈസ് അധികൃതർ ഇവിടെ എത്തിയത്. നഗരസഭ നിയോഗിച്ച തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ വൃത്തിയാക്കൽ ജോലികളും തുടങ്ങി. എക്സൈസ് വാഹനങ്ങളുടെയും കേസുകളിൽപ്പെട്ട വാഹനങ്ങളുടെയും പാർക്കിംഗ് ഏരിയയായി ഇവിടം ഉപയോഗിക്കാനാണ് എക്സൈസിന്റെ തീരുമാനമെന്ന് സി.ഐ ഉൾപ്പടെയുള്ളവർ അറിയിച്ചു. ഗണപതി ക്ഷേത്ര ഭക്തജനങ്ങൾ എതിർ വാദമുന്നയിച്ച് ഇവിടെ സംഘടിച്ചു. അപ്പോഴാണ് നിരോധന ഉത്തരവുമായി റവന്യൂ അധികൃതരെത്തിയത്. യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളോ പാർക്കിംഗ് സ്ഥലമൊരുക്കലോ നടത്തരുതെന്ന് കാട്ടി വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയതോടെ ഉദ്യോഗസ്ഥരടക്കം ഇവിടെ നിന്നും പിൻവാങ്ങി. റവന്യൂ അധികൃതർ ഭൂമിയുടെ കവാടം താഴിട്ട് പൂട്ടുകയും ചെയ്തു. പിന്നീട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനടക്കം ഇവിടെ സന്ദർശിച്ചു.

വിവാദങ്ങൾ വിടാതെ

കച്ചേരിമുക്കിലെ ഭൂമിയെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണിവിടം. 2009-10 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാൻ 2.09 കോടി രൂപ അനുവദിക്കുകയും ഇതിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് വിവാദം തുടങ്ങിയത്. കോടതി വ്യവഹാരങ്ങളിൽ സർക്കാരിന് അനുകൂല വിധിയുണ്ടായെങ്കിലും ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കേണ്ടെന്നാണ് പിന്നീട് തീരുമാനിച്ചത്. ഈ ഭൂമിയിൽ പാർക്കിംഗ് സ്ഥലമൊരുക്കാൻ തീരുമാനിച്ചതോടെ തഹസിൽദാർ ഇതിന് തടയിട്ടു. കഴിഞ്ഞ ദിവസം ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ എക്സൈസ് അധികൃതരും അവകാശവാദവുമായെത്തിയതാണ് ഇന്നലെ തർക്കങ്ങൾക്ക് ഇടയാക്കിയത്. ഔദ്യോഗിക രേഖകൾ പ്രകാരം റവന്യൂ ഭൂമിയാണെന്നാണ് തഹസിൽദാർ വ്യക്തമാക്കിയത്. ആദ്യംതന്നെ ഈ ഭൂമിയിലെ നിർമ്മാണ ജോലികൾ തടയാനെത്തിയ ഭക്തജന കൂട്ടായ്മ വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.