കൊല്ലം: നിരോധിത മാർഗ്ഗങ്ങളിലൂടെ മത്സ്യബന്ധനം നടത്തിയ മൂന്ന് വള്ളങ്ങൾ മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടി. അഴീക്കൽ മുതൽ വിഴിഞ്ഞം വരെ തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടകര, വിഴിഞ്ഞം മറൈൻ എൻഫോഴ്മെന്റ് വിഭാഗങ്ങളാണ് പരിശോധന നടത്തിയത്.
അഴീക്കൽ മുതൽ വിഴിഞ്ഞം വരെ നടത്തിയ സംയുക്ത പരിശോധനയിൽ വള്ളങ്ങൾ, ബാറ്ററികൾ, ലൈറ്റുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. നീണ്ടകര മറൈൻ എൻഫോഴ്സ്‌മെന്റ് സി.ഐ എസ്.എസ്. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
പരിശോധന തുടരും
തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിന് നിരോധനമുണ്ട്. ഇത്തരത്തിൽ മത്സ്യങ്ങളെ വൻതോതിൽ പിടികൂടുന്നത് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നതായുള്ള പരാതി കാലങ്ങളായുണ്ട്. പിടിച്ചെടുത്ത വള്ളങ്ങൾക്കെതിരെ കെ.എം.എഫ്.ആർ ആക്ട് അനുസരിച്ച് നടപടിയെടുക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.