ബൈപ്പാസിൽ യാത്രക്കാർക്ക് എസ്.ഐയുടെ ക്ളാസ്
കൊല്ലം: കൊല്ലം ബൈപ്പാസിലെ അപകടങ്ങൾക്ക് അറുതി വരുത്താൻ വേറിട്ട പദ്ധതിയുമായി ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ ഷാനവാസ്. ബൈപ്പാസിലെ സുരക്ഷയ്ക്കായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ 'ചീറ്റ' എന്ന പേരിൽ പട്രോളിംഗ് വാഹനം അടുത്തിടെ ആരംഭിച്ചിരുന്നു. ഒരു എസ്.ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന വാഹനം നിരന്തര വാഹന പരിശോധനയും അടിയന്തര അപകട സഹായവുമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഷാനവാസും സംഘവും ചീറ്റയുമായി ബൈപ്പാസിലെത്തി ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് ബോധവൽക്കരണ ക്ലാസ് സൗജന്യമായി ട്രാഫിക് നിയമ പുസ്തകവും നൽകി. കൊല്ലം സിറ്റി പൊലീസിന് വേണ്ടി ഷാനവാസ് തന്നെ തയ്യാറാക്കിയ 'ജാഗ്രത' എന്ന പുസ്തകമാണ് സൗജന്യമായി വിതരണം ചെയ്തത്.
രാവിലെ 8 മുതൽ രാത്രി 8 വരെ 300 പുസ്തകങ്ങൾ ബൈപ്പാസിന്റെ വിവിധ മേഖലകളിൽ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അപകടങ്ങളിൽ ഏറെയും ന്യൂജെൻ ഫ്രീക്കൻമാരായതിനാൽ പുതുതലമുറയിലെ ഇരുചക്ര യാത്രക്കാർക്കാണ് കൂടുതൽ പുസ്തകം നൽകിയത്.
ജനുവരി 11 മുതൽ 17 വരെ കേരള സർക്കാർ ട്രാഫിക്ക് വാരാചരണം നടത്തിയ വേളയിൽ മേവറം മുതൽ ആൽത്തറമൂട് വരെയുള്ള ഭാഗങ്ങളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ഈ വിഷയത്തിൽ ഷാനവാസ് ക്ലാസുകൾ നൽകിയിരുന്നു. മാസ് സൊസൈറ്റി കൊല്ലം എസ്.എൻ വനിതാ കോളേജിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഗതാഗത ബോധവൽക്കരണ പരിപാടിയിൽ 1300 ട്രാഫിക്ക് ക്ലാസെടുത്ത ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ എന്ന റെക്കാഡിനും ഉടമയാണ് ഷാനവാസ്.