സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
കൊല്ലം : പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങൾക്കൊപ്പം ആധുനിക സൗകര്യങ്ങളിലേക്ക് കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസ്. ഉയരുന്നു. ആറ് നിലകളുള്ള കെട്ടിടമാണ് സ്കൂളിൽ ഉയരുന്നത്. രണ്ടു നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
വിശാലമായ നടുമുറ്റം, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ഫിസിക്‌സ്, ലാംഗ്വേജ് ലാബുകൾ, 20 ഹൈടെക് ക്ലാസ് മുറികൾ, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹാർദ്ദ ശൈലിയാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓടകളും പൂർത്തിയായി. അടുക്കളയും ഡൈനിംഗ് ഹാളും നിർമിക്കാൻ എം. എൽ. എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷത്തിനകം പൂർത്തിയാകുന്ന തരത്തിൽ ഉടൻ പണി ആരംഭിക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണമെന്ന കാഴ്ചപ്പാടോടെയാണ് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്ന് ഹെഡ്മിസ്ട്രസ് ജി. ലീലാമണി പറഞ്ഞു.
രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മ, കെ. രാജു, മുൻ മന്ത്രി കെ.സി. വേണുഗോപാൽ, എം.പിമാരായ കെ. സോമപ്രസാദ്, എ.എം. ആരിഫ്, എം.എൽ.എമാരായ എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ ചെയർപേഴ്‌സൺ ഇ. സീനത്ത് ബഷീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.