പത്തനാപുരം: സാഹിത്യരംഗത്തെ പക്ഷപാതിത്വം സമൂഹത്തിന് ദോഷകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഗാന്ധിഭവൻ മാതൃസ്മരണ സംഗമത്തിന്റെ ഭാഗമായി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ അധികാരത്തിലിരിക്കുമ്പോൾ സാഹിത്യകാരന്മാർ നിസംഗത പുലർത്തുന്നു. അംഗീകാരം നേടാനുള്ള മാനദണ്ഡമായി പക്ഷപാതിത്വം മാറി. സാമൂഹികവിഷയങ്ങളിൽ പ്രതികരിക്കേണ്ടവർ മടിക്കുകയും ഭയന്ന് പിന്നാക്കം പോകുകയും ചെയ്യുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. കടയ്ക്കൽ വിപ്ലവത്തെ ആധാരമാക്കി ഡോ. തേവന്നൂർ മണിരാജ് രചിച്ച കൊടുങ്കാറ്റൂതിയ ഗ്രാമം എന്ന നാടകത്തിന്റെയും ഇനി എത്ര ചുവടുകൾ എന്ന കവിതാസമാഹാരത്തിന്റെയും പ്രകാശനവും എം.പി. നിർവഹിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. നടൻ ടി.പി. മാധവൻ, ആർ. രവീന്ദ്രൻപിള്ള, ഏരൂർ സുഭാഷ്, എൻ. ജനാർദ്ദനൻ, പി. വിഷ്ണുദേവ്, കെ. ഗോപാലകൃഷ്ണപിള്ള, കെ.എസ്. പ്രേംകുമാർ, ജെ. ഷാജികുമാർ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് മുന്നോടിയായി നടന്ന കവി അരങ്ങിൽ പ്രൊഫ. ബി. ഉഷാകുമാരി, രശ്മിരാജ്, എ. സുലോചന, മൈനാഗപ്പള്ളി ശ്രീരംഗൻ, രാമാനുജൻ തമ്പി, വി. അജിതകുമാരി എന്നിവർ പങ്കെടുത്തു.