കൊല്ലം: നിരവധി മോഷണക്കേസുകളിലെ പ്രതി പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ കെന്നഡി ജോസ് എന്ന് വിളിക്കുന്ന ജോസിനെയും കൂട്ടാളി ശക്തികുളങ്ങര മീനത്തുചേരി ശ്രീജ ഭവനിൽ വാവ എന്ന് വിളിക്കുന്ന ഗണേശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം മോഷണക്കേസുകളിലാണ് ഇവർ പിടിയിലായത്. ജനുവരിയിൽ ഇരവിപുരം വേളാങ്കണ്ണി നഗർ, ഗാർഫിൽ നഗർ, തോപ്പിൽ വയലിലെ വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജില്ലയിൽ മുമ്പും പലതവണ സമാന കേസുകളിൽ കെന്നഡി ജോസ് പൊലീസ് പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജനുവരി ഒന്നിനാണ് അവസാനമായി ജോസ് ജയിൽ മോചിതനായത്. തുടർന്നാണ് ഇയാളും കൂട്ടാളിയും ചേർന്ന് മോഷണ പരമ്പര നടത്തിയത്.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശത്തെ തുടർന്ന് ഇരവിപുരം, ശക്തികുളങ്ങര പൊലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം എ.സി.പി എ. പ്രദീപ് കുമാർ, ഇരവിപുരം എസ്.ഐ വിനോദ്, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.