കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 17 പവൻ കവർന്ന നാലംഗ സംഘത്തിലെ രണ്ട് പേർ മണിക്കൂറുകൾക്കുള്ളിൽ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂർ ഇരട്ടക്കുളങ്ങര മൈത്രി നഗറിലെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മ ധരിച്ചിരുന്ന 17 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ രാമൻകുളങ്ങര ഗ്ലാഡ് വില്ലയിൽ പെട്രീഷ്യ, മരുത്തടി പരുവക്ക തെക്കതിൽ പ്രസാദ് എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ഇരുവരും നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതികളാണ്. കിളികൊല്ലൂർ എസ്.ഐമാരായ ബിജു, ശിവകുമാർ , ജയകുമാർ, അനീഷ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ സീനു, മനു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.