ഓച്ചിറ: സസ്പെൻഷനിലായിരുന്ന ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ ആവശ്യമായ അന്വേഷണം നടത്താതെ തിരികെ നിയമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.പി വിനുൻ വാഹിദിനെ ഉപരോധിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ലെറ്റർ പാഡും സീലും ഓഫീസ് സീലും ദുരുപയോഗം ചെയ്ത് വ്യാജരേഖ ചമച്ചതിന് സ്വീപ്പർ ജീവനക്കാരനായ വിനോദ് സസ്പെൻഷനിലായിരുന്നു. വയനകം അക്ഷയയിൽ സോമൻ എന്നയാൾ നീരൊഴുക്ക് തടസപ്പെടുത്തുന്നുവെന്ന് സൂചിപ്പിച്ച് കത്ത് കൊടുക്കുകയും നടപടി സ്വീകരിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു സസ്പെൻഷൻ. തുടർന്ന് അന്വേഷണം നടത്തി വിനോദിനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിന് വഴങ്ങി ജോലിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങൾ കൊല്ലം ഡി.ഡി.പി വിനുൻ വാഹിദിനെ ഉപരോധിച്ചത്. മൂന്ന് ദിവസത്തിനകം മതിയായ അന്വേഷണം നടത്തി തീരുമാനം എടുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, ബി.എസ്. വിനോദ്, കെ. ശോഭകുമാർ, എസ്. ഗീതാകുമാരി, എസ്. മഹിളാമണി, വി. സിന്ധു, ജെ. ജോളി ,വി.എൻ. ബാലകൃഷ്ണൻ, രാധാമണിഅമ്മ, മാളു സതീഷ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.