കൊല്ലം: റൂറൽ പൊലീസ് പരിധിയിലെ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കാൻ കൊല്ലം എ.ആർ ക്യാമ്പ് വിഭജിക്കുന്നു .എ.ആർ ക്യാമ്പിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന് റൂറൽ ക്യാമ്പിലേക്ക് പോകും.
കൊട്ടാരക്കരയിലെ റൂറൽ പൊലീസ് ആസ്ഥാനം വൈകാതെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. ഇപ്പോൾ റൂറൽ പൊലീസ് ആസ്ഥാനം പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ക്യാമ്പ് ആക്കാനാണ് ആലോചന. സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. റൂറൽ പൊലീസ് സ്ഥാനം കേന്ദ്രീകരിച്ച് പൊലീസ് ക്യാന്റീൻ ആരംഭിക്കാൻ പണം അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ എ.ആർ. ക്യാമ്പ് വിഭജിച്ച് കൊണ്ടുള്ള ഉത്തരവുണ്ടായേക്കും.
കൊല്ലത്തിന് ഒരു
കമ്പനി കൂടി വേണം
റൂറൽ ക്യാമ്പ് ആരംഭിച്ച് മൂന്നിലൊന്ന് സേനാംഗങ്ങൾ അവിടേക്ക് പോകുമ്പോൾ കൊല്ലത്ത് ഒരു കമ്പനി പൊലീസിനെക്കൂടി നിയോഗിക്കേണ്ടിവരും. ജില്ലാ കേന്ദ്രമായതിനാൽ നിരന്തരം സമരങ്ങളും സംഘർഷങ്ങളും നടക്കാറുണ്ട്. പ്രശ്നബാധിത മേഖലകളും കൂടുതലാണ്. ക്യാമ്പിലെ ഡ്രൈവർമാരടക്കം നൂറോളം പൊലീസുകാരെ സിറ്റി, റൂറൽ മേഖലകളിലെ വിവിധ സ്റ്റേഷനുകളിൽ നിയോഗിച്ചിരിക്കുകയാണ്.
എന്തുകൊണ്ട് റൂറൽ ക്യാമ്പ്
1. പലപ്പോഴും പൊലീസ് സംഘം റൂറൽ മേഖലയിൽ നിന്ന് മടങ്ങിയെത്തുന്നതിന് പിന്നാലെ വീണ്ടും വിളിക്കാറുണ്ട്.
2 റൂറൽ മേഖലയിൽ കൂടുതൽ ദിവസം തങ്ങേണ്ടിവരുമ്പോൾ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ലഭിക്കാറില്ല.
3 കൊട്ടാരക്കര ജയിലിൽ നിന്നും പ്രതികളെ വിവിധ കോടതിയിൽ ഹാജരാക്കാനും കൊല്ലം ക്യാമ്പിൽ നിന്നാണ് പോകുന്നത്.
4.പുതിയ ക്യാമ്പ് ആരംഭിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.
കൊല്ലം എ.ആർ ക്യാമ്പ്
ഡെപ്യൂട്ടി കമാണ്ടന്റ്: 1
അസി.കമാണ്ടന്റ്: 2
റിസർവ് ഇൻസ്പെക്ടർ: 3
റിസർവ് സബ് ഇൻസ്പെക്ടർ: 9
എ.എസ്.ഐ: 28
എച്ച്.സി: 66
പി.സി: 436
'' എ.ആർ ക്യാമ്പ് വിഭജിച്ച് റൂറൽ പുതിയ പൊലീസ് ക്യാമ്പ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.''
ബാലൻ (കൊല്ലം എ.ആർ. ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ്)