vending-zone

കൊല്ലം: നഗരപരിധിയിലെ വഴിയോര കച്ചവടക്കാർക്ക് നഗരത്തിലെ വിവിധ ഇടങ്ങളിലായി വെൻഡിംഗ് സോണുകൾ പ്രഖ്യാപിക്കാൻ നഗരസഭ തീരുമാനിച്ച് നാളേറെയായിട്ടും കച്ചവടക്കാർക്ക് തെരുവിൽ തുടരാനാണ് വിധി. സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് പ്രഖ്യാപനം നീളുന്നതിനുള്ള പ്രധാന കാരണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിലയിരുത്തപ്പെട്ടു.

നടപ്പാതകളും ദേശീയപാതകളുടെ വശങ്ങളും തെരുവോര കച്ചവടക്കാർ കൈയ്യടക്കി പൊതുജനങ്ങളും വാഹനയാത്രക്കാരും ബുദ്ധിമുട്ടിലായതോടെയാണ് വെൻഡിംഗ് സോണെന്ന ആശയമുണ്ടായത്. ഇതിന് മുന്നോടിയായി 'ഓപ്പറേഷൻ ഈസി വാക്ക്' സംഘടിപ്പിച്ച് കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തെരുവോര കച്ചവടങ്ങൾ പൂർവ്വാധികം ശക്തിയോടെ തിരികെ വരികയായിരുന്നു.

 വെൻഡിംഗ് സോൺ

ഓരോ വിഭാഗം കച്ചവടക്കാരെ പല പ്രദേശങ്ങളിലായി വിന്യസിച്ച് പ്രത്യേക സൗകര്യമൊരുക്കി പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ കൂടുതൽ സൗകര്യം ഒരുക്കുന്നതാണ് വെൻഡിംഗ് സോൺ എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്. ഇതോടെ കച്ചവടക്കാർക്കും സ്ഥിരമായൊരിടം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

 പരിഗണനയിലുള്ള സ്ഥലങ്ങ

01. റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ

02. ആശ്രാമം

03. കടപ്പാക്കട

04. പോളയത്തോട്

 നഗരസഭയുടെ സ‌ർവേ

 820 പേ‌‌ർ നഗരത്തിൽ  റെയിൽവേ സ്റ്റേഷൻ മുതൽ കർബല വരെ 65 പേർ  അപേക്ഷ ലഭിച്ചത് 315 പേരിൽ നിന്ന്

 സർവേയിൽ പിശക്

നഗരത്തിലെ വെൻഡിംഗ് സോണുകൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നഗരസഭ നടത്തിയ സർവേ പ്രകാരം 820 പേരടങ്ങുന്ന പട്ടികയാണ് തയ്യാറായത്. ഇതിൽ റെയിൽവേ സ്റ്റേഷൻ മുതൽ കർബല ജംഗ്ഷൻ വരെ 65 കടകൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ കണക്ക് തെറ്റാണെന്നാണ് കൗൺസിൽ യോഗത്തിൽ ഉയർന്ന ആരോപണം. വെൻഡിംഗ് സോണിനായി 315 പേരാണ് കോർപ്പറേഷനിൽ ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്.

''820 പേരടങ്ങുന്ന പട്ടികയിൽ പിശകുണ്ട്. ഇതുപ്രകാരം കട അനുവദിക്കാൻ ബുദ്ധിമുട്ടാണ്. ശരിയായ രീതിയിൽ സർവേ നടത്തി അർഹതയുള്ളവരെ കണ്ടെത്തി നടപടികൾ പൂർത്തീകരിക്കണം''

എ.കെ. ഹഫീസ്, നഗരസഭാ പ്രതിപക്ഷ നേതാവ്