kollam-railway-station

 ബില്ലിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിന്റെ ചുമതലയുള്ള ഹോം ഗാർഡുമാർ ബില്ലിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്ന് കള്ളം പറഞ്ഞ് യാത്രക്കാരെ കൊള്ളയടിക്കാൻ ഓട്ടോ ഡ്രൈവർമാർക്ക് കൂട്ടുനിൽക്കുന്നതായി പരാതി. പ്രീ പെയ്ഡ് ബില്ലില്ലാതെ ഓട്ടോയിൽ കയറുന്നവരിൽ നിന്ന് 20 മുതൽ 30 രൂപ വരെ ഡ്രൈവർമാർ അധികമായി വാങ്ങുന്നത്.

 ഇവിടെ ആദ്യമാണോ.? എന്നാൽ ബില്ലില്ല..

സ്ഥിരം യാത്രക്കാർക്ക് ബില്ല് നൽകുമ്പോൾ പരിചിതരല്ലാത്തവരെയാണ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് കബളിപ്പിക്കുന്നത്. നഗരപരിധിക്കുള്ളിലുള്ള ഓട്ടത്തിനാണ് കൗണ്ടറിൽ നിന്ന് ബില്ല് നൽകുന്നത്. പുറത്തേക്കുള്ള ഓട്ടത്തിന് ബില്ല് നൽകാറില്ല. പ്രീ പെയ്ഡ് ഓട്ടമായതിനാൽ റെയിൽവേ സ്റ്റേഷനിലെ ഓട്ടോകളിൽ മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവ‌ർത്തിപ്പിക്കാറില്ല.

നഗരപരിധിക്ക് പുറത്തേക്കുള്ള ഓട്ടത്തിനാകട്ടെ, സ്പീഡോ മീറ്റർ നോക്കിയാണ് കൂലി വാങ്ങുന്നത്. പക്ഷെ പല ഓട്ടോറിക്ഷകളിലെയും സ്പീഡോ മീറ്ററും ശരിയായല്ല പ്രവർത്തിക്കുന്നത്. അമിതമായി കൂലി വാങ്ങുന്നുവെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് നഗരപരിധിക്ക് പുറത്തേക്കുള്ള ഓട്ടത്തിന് മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഒരു വിഭാഗം ഡ്രൈവർമാർ പ്രീ പെയ്ഡ് കൗണ്ടറുമായി സഹകരിക്കുന്നുമില്ല.

 25 ശതമാനം അധികം കൂലി

മീറ്റർ നിരക്കിനെക്കാൾ 25 ശതമാനം അധികം കൂലിയാണ് പ്രീ പെയ്ഡ് കൗണ്ടറിൽ ഈടാക്കുന്നത്. ഇവിടുത്തെ ഓട്ടോറിക്ഷകൾക്ക് ഓട്ടം കഴിഞ്ഞ് വരുന്ന വഴിയിലുള്ള മറ്റ് സ്റ്രാൻഡുകളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പറ്റാത്തതിനാൽ കൗണ്ടർ തുടങ്ങിയപ്പോൾ കളക്ടർ ഇടപെട്ടാണ് 25 ശതമാനം അധിക നിരക്ക് നിശ്ചയിച്ചത്.

അതേസമയം സിറ്റി പെർമിറ്റുള്ള ഓട്ടോകൾക്ക് നഗരത്തിലെ ഏത് സ്റ്റാൻഡിലും ഓടാമെന്ന നിയമം നിലവിൽ വന്ന സ്ഥിതിക്ക് അധിക നിരക്ക് പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 '' പ്രീ പെയ്ഡ് കൗണ്ടറിലെ ബില്ലിംഗ് യന്ത്രത്തിന് യാതൊരു പ്രശ്നനവുമില്ല. നഗരത്തിന് പുറത്തേക്കുള്ള ഓട്ടത്തിന് മീറ്റർ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് അഡ്വൈസറി കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. നഗരത്തോട് ചേർന്നുള്ള പരമാവധി സ്ഥലങ്ങളെ ബില്ലിംഗ് പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.''

ട്രാഫിക് എസ്.ഐ