samuwal
സാമുവൽ

കൊല്ലം: ബോട്ടിൽ നിന്നു കാൽവഴുതി ആഴക്കടലിൽ അകപ്പെട്ടിട്ടും 18 മണിക്കൂർ പോരടിച്ച് ജീവൻ മടക്കിപ്പിടിച്ച് മത്സ്യത്തൊഴിലാളി. പറക്കമുറ്റാത്ത രണ്ട് മക്കളെക്കുറിച്ചുള്ള ചിന്തയാണ് മരണത്തിന് കീഴടങ്ങാൻ തയ്യാറാകാതെ കടലിൽ മലർന്നും കമഴ്ന്നും നീന്താനും ഓളം ചവിട്ടി നിൽക്കാനുമുള്ള മനക്കരുത്ത് മുപ്പത്തേഴുകാരനായ സാമുവലിന് നൽകിയത്.

കരുനാഗപ്പള്ളി സൗത്ത്, ആദിനാട് അഖിൽ നിവാസിൽ സാമുവൽ ഉൾപ്പെട്ട 11അംഗസംഘം ദീപ്തി എന്ന ബോട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് നീണ്ടകരയിൽ നിന്നു പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വലവിരിച്ചശേഷം ബോട്ടിലെ തൊഴിലാളികൾ ഉറങ്ങാൻ കിടന്നു. നാലരയോടെ മൂത്രം ഒഴിക്കാൻ എഴുന്നേറ്റ സാമുവൽ കാൽവഴുതി കടലിൽ വീഴുകയായിരുന്നു. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും മോട്ടോറിന്റെ ശബ്ദം കാരണം ആരും കേട്ടില്ല. സ്രാങ്ക് ഒഴികെ മറ്റെല്ലാവരും ഉറക്കത്തിലുമായിരുന്നു.
അഞ്ച് മണിയോടെ അടുത്ത വലവിരിക്കാനായി മറ്റു തൊഴിലാളികൾ ഉണർന്നപ്പോഴാണ് സാമുവലിനെ കാണാനില്ലെന്നറിഞ്ഞത്. ഉടൻ തന്നെ ബോട്ട് തിരികെ സഞ്ചരിച്ച് തെരച്ചിൽ നടത്തി.

വിവരമറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റും നീണ്ടകര കോസ്റ്റൽ പൊലീസും മറ്റ് ബോട്ടുകളും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴെല്ലാം ജീവനുവേണ്ടി മല്ലിടുകയായിരുന്നു സാമുവൽ. പല ബോട്ടുകളും അകലെ കണ്ടെങ്കിലും ഇരുട്ടായതിനാൽ അവർക്ക് സാമുവലിനെ കാണാനായില്ല.

നേരം പുലരുമ്പോൾ ഏതെങ്കിലും ബോട്ടുകൾ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സാമുവൽ. പക്ഷെ, ആ പ്രതീക്ഷയും തെറ്റി. അപ്പോഴെല്ലാം മക്കളായ പന്ത്രണ്ടുവയസുകാരൻ അഖിലും ആറ് വയസുകാരി അവന്തികയുമായിരുന്നു സാമുവലിന്റെ മനസിൽ. മക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കുകയാണ് സാമുവലിന്റെ ജീവിതാഭിലാഷം. പകൽ മുഴുവൻ രക്ഷാബോട്ട് വരുമെന്ന് പ്രതീക്ഷിച്ചു. ഈ സമയമെല്ലാം മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് മറ്റെവിടെയൊക്കയോ തെരച്ചിൽ തുടരുകയായിരുന്നു. സന്ധ്യയോടെ അവർ തിരച്ചുപോന്നു. അപ്പോഴും സാമുവൽ നീന്തിയും തിരയിൽ ഓളം ചവിട്ടിയും അകലെ ബോട്ടിലെ ചുവന്ന വെളിച്ചത്തിനായി ഉറ്റുനോക്കിക്കൊണ്ടിരുന്നു.

ഒടുവിൽ രാത്രി ശനിയാഴ്ച രാത്രി പത്തര കഴിഞ്ഞപ്പോൾ കാത്തുകിടപ്പിനും നിലവിളിക്കും ഫലമുണ്ടായി. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന യേശു ആരാധ്യ എന്ന ബോട്ടിലെ തൊഴിലാളികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ സാമുവലിന്റെ നിലവിളി കേട്ടു. അവർ കണ്ടത് ഒരാൾ തങ്ങളുടെ ബോട്ടിനടുത്തേക്ക് നീന്തി വരുന്നതാണ്. സ്രാങ്ക് ജോസഫ് ബോട്ട് വേഗം കുറച്ച് സാമുവലിന്റെ അടുത്തേക്ക് ഗതി തിരിച്ചുവിട്ടു.ബോട്ടിലുള്ളവർ കയർ എറിഞ്ഞു കൊടുത്തു.ബോട്ടിൽ കയറ്റി ഭക്ഷണം കൊടുത്തു. രാത്രി പന്ത്രണ്ടരയോടെ നീണ്ടകരയിലെത്തിച്ചു. അവിടെനിന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. 17 വർഷമായി കടലിൽ പോകുന്ന സാമുവൽ അദ്യമായാണ് തിരയിൽ അകപ്പെട്ടത്.കാവനാട് അരവിള സ്വദേശി അനിൽകുമാറിന്റെ (പോൾ) ഉടമസ്ഥതയിലുള്ളതാണ് രക്ഷപ്പെടുത്തിയ യേശു ആരാധ്യ എന്ന ബോട്ട്.