കൃഷി ഭവൻ ചീപ്പ് പുനർ നിർമ്മിക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപം
കരുനാഗപ്പള്ളി: ഉപ്പുവെള്ളം കയറുന്നത് തടയാനായി ആലുംകടവ് ആലപ്പാട് മണ്ണേൽക്കടവ് കലുങ്കിന് താഴെ പലക ഉപയോഗിച്ച് ചീപ്പ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ടി.എസ് കനാലിൽ നിന്നും ഉപ്പ് വെള്ളം കലുങ്ക് വഴി തൊട്ടിലൂടെ ഒഴുകി ഇടവിള കൃഷി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. 11 വർഷങ്ങൾക്ക് ടി.എസ് കനാലിൽ നിന്ന് 25 മീറ്ററോളം കിഴക്കോട്ട് മാറി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചീപ്പ് നിർമ്മിച്ചിരുന്നു. കലുങ്കിന് താഴെ തടികൊണ്ട് നിർമ്മിച്ച ചീപ്പ് വെച്ച് ഇതിനിടയിൽ മണ്ണിട്ട് നിറച്ചാണ് ഉപ്പു വെള്ളം കയറുന്നത് തടഞ്ഞിരുന്നത്. മഴ സീസൺ ആരംഭിക്കുന്ന സമയത്ത് ചീപ്പിന്റെ പലകകൾ നീക്കം ചെയ്യുമ്പോൾ വെള്ളം യഥേഷ്ടം കനാലിനേക്ക് ഒഴുകുത്തുടങ്ങും. ഇത്തരത്തിലാണ് നെൽക്കൃഷിയെയും ഇടവിള കൃഷിയെയും സംരക്ഷിച്ചിരുന്നത്. എന്നാൽ കാലക്രമേണെ ചീപ്പിന്റെ പലകകൾ ജീർണിച്ച് പോവുകയായിരുന്നു. ഇതിന് ശേഷം കൃഷി ഭവൻ ചീപ്പ് പുനർ നിർമ്മിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്.
11 വർഷങ്ങൾക്ക് ടി.എസ് കനാലിൽ നിന്ന് 25 മീറ്ററോളം കിഴക്കോട്ട് മാറി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചീപ്പ് നിർമ്മിച്ചിരുന്നു. കാലക്രമേണെ ചീപ്പിന്റെ പലകകൾ ജീർണിച്ച് പോവുകയായിരുന്നു
വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറുന്നു
ഇപ്പോൾ ടി.എസ് കനാലിൽ നിന്ന് വേലിയേറ്റ സമയത്ത് കരയിലേക്ക് ഉപ്പ് വെള്ളം കയറുകയാണ്. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഉപ്പ് വെള്ളം കയറി തുടങ്ങിയതോടെ ഇടവിള കൃഷികളായ ചീനി, ചേമ്പ്, ചേന, വാഴ തുടങ്ങിയവ നശിച്ച് തുടങ്ങി. ടി.എസ് കനാലിൽ നിന്ന് രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള കൃഷിയാണ് നശിക്കുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്നില്ല
കൃഷി നശിക്കുമ്പോൾ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി പോകുന്നതല്ലാതെ ഒരു രൂപ പോലും നഷ്ടപരിഹാര തുകയായി ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കൃഷിയുടെ നാശനഷ്ടത്തിന്റെ കണക്കെടുക്കാതെ തോട്ടിൽ ഉപ്പ് വെള്ളം കയറാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.