സംരക്ഷണ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം
കൊല്ലം: നഗരത്തിന്റെ അഴുക്ക് ചാലായി മാറാൻ വിധിക്കപ്പെട്ട അഷ്ടമുടികായലിൽ കൈയേറ്റം വ്യാപകമായിട്ടും സർക്കാർ സംവിധാനങ്ങൾ അറിഞ്ഞ മട്ടില്ല. മാലിന്യത്തിൽ നിന്ന് കായലിനെ മോചിപ്പിക്കാൻ പ്രഖ്യാപനങ്ങളുടെ പെരുമഴ വന്നതല്ലാതെ പദ്ധതികൾ ഫലം കാണുന്നില്ല. സ്വകാര്യ വ്യക്തികളും വൻകിടക്കാരും കായലിനെ കൈയേറി സ്വന്തമാക്കുന്നതും മണ്ണിട്ട് മൂടുന്നതും കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കാനാണ് ഉദ്യോഗസ്ഥ - അധികാര കേന്ദ്രങ്ങൾക്ക് താൽപ്പര്യം.
നഗരത്തിനുള്ളിൽ തന്നെ നിരവധി ഭാഗങ്ങളിലാണ് നിർബാധമായ കായൽ കൈയേറ്റം നടക്കുന്നത്. കായലിന്റെ വിസ്‌തൃതി വർഷം തോറും കുറയുമ്പോഴും
അതിനെ സ്വാഭാവികമെന്ന് വിലയിരുത്തി അവഗണിക്കുകയാണ്. കായൽ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ശ്രദ്ധേയമായ ഒരിടപെടലും ഉണ്ടായിട്ടില്ല. നഗര മാലിന്യങ്ങളാൽ അനുദിനം നിറംമങ്ങുകയാണ് കായലിന്റെ സൗന്ദര്യം. നഗരത്തിലെ പാതയോരങ്ങളിലെ ഓവുചാലുകൾ മിക്കതും അവസാനിക്കുന്നത് അഷ്ടമുടികായലിലാണ്. സർക്കാർ വകുപ്പുകളും നഗരസഭയും അറിഞ്ഞ് കൊണ്ടുള്ള മാലിന്യ നിക്ഷേപത്തിനൊപ്പം എണ്ണമറ്റ സ്വകാര്യ ഓവുചാലുകളും കായലിലേക്കുണ്ട്. നഗരത്തിലെ ആശുപത്രികൾ, ഹോട്ടലുകൾ, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങി ഏതാണ്ട് മഹാഭൂരിപക്ഷം ഇടങ്ങളിലെയും ശുചിമുറി മാലിന്യങ്ങളടക്കം വന്ന് ചേരുന്നത് കൊല്ലത്തിന്റെ ജീവിതം കരുപ്പിടിപ്പിച്ച ഈ കായലിലേക്കാണ്. ഇതിനൊപ്പം കൈയേറ്റം കൂടി വ്യാപകമാകുമ്പോൾ വർഷങ്ങൾക്കപ്പുറം ഓർമകളിലെ പേരായി അഷ്ടമുടി മാറിയേക്കാം.
പട്ടാപ്പകലും കൈയേറ്റം
1.നഗരത്തിനുള്ളിൽ എണ്ണമറ്റ പ്രദേശങ്ങളിലാണ് കായൽ കൈയേറ്റം ഇപ്പോഴും നടക്കുന്നത്.
2. കായലിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഭാഗംവരെ കുറ്റിയടിച്ച് കയറും വലയും കെട്ടി വേർ തിരിക്കും. 3.ദിവസങ്ങൾക്കുള്ളിൽ ഭൂമിയുടെ വിസ്‌തൃതി വർദ്ധിക്കുന്നത് കാണാം.
4. മണ്ണും കോൺക്രീറ്റ് പാഴ് വസ്തുക്കളും മാത്രമല്ല മാലിന്യങ്ങൾ വരെ കായൽ നികത്താൻ ഉപയോഗിക്കുന്നുണ്ട്.
എല്ലാവരും കാണുന്നുണ്ട്
അഷ്ടമുടിയിലെ കായൽ യാത്രയ്‌ക്കായി ഏറ്റവും കൂടുതൽ വിദേശികളെത്തുന്നത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ബോട്ട് ജെട്ടിയിലാണ്. മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായ അവിടെ രൂക്ഷമായ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പോകാനാകില്ല. വിദേശികൾ ഉൾപ്പെടെ മൂക്ക് പൊത്തിയിട്ടും പ്രഖ്യാപന പെരുമഴ നടത്തുന്നവർക്കും മാലിന്യം നിക്ഷേപിക്കുന്നവർക്കും ഇതൊന്നും മനസിലാകുന്നില്ല.
നിയമമുണ്ട്, കൈയേറ്റമില്ലല്ലോ !
കായൽ കയ്യേറുന്നവരെ കൈയാമം വെക്കാൻ ശക്തമായ നിയമം നിലവിലുണ്ട്.
പക്ഷേ, അഷ്ടമുടി കായലിൽ കൈയേറ്റം നടക്കുന്നില്ലെന്നാണ് സർക്കാർ വകുപ്പുകളുടെ നിലപാട്. പരിസ്ഥിതി പ്രവർത്തകർ പലവട്ടം പരാതികൾ നൽകിയിട്ടും തിരിഞ്ഞുനോക്കാറില്ല.
..................
കൈയേറ്റത്തെ സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തും. കൈയേറ്റം നടന്നുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും.
മുല്ലക്കര രത്നാകരൻ എം.എൽ.എ
അദ്ധ്യക്ഷൻ, നിയമസഭാ പരിസ്ഥിതി സമിതി