ശുചിമുറികളെല്ലാം തകർന്ന് ഉപയോഗശൂന്യമായി
കൊല്ലം: ആശ്രാമം മൈതാനത്തിന് ചുറ്റിലുമായി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ശുചിമുറികളുടെ സെപ്ടിക് ടാങ്കുകൾ മേൽമൂടി തകർന്ന് അപകടക്കെണിയാകുന്നു. അതേസമയം ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന ഇവിടെ അപകടത്തിലേക്ക് വാ പിളർന്നിരിക്കുന്ന ടാങ്കുകൾ എടുത്ത് മാറ്റാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മൈതാനത്തിന് ചുറ്റുമുള്ള നടപ്പാതയോട് ചേർന്ന് ടൂറിസം വകുപ്പാണ് ശുചിമുറികളും അനുബന്ധമായി സെപ്ടിക് ടാങ്കുകളും സ്ഥാപിച്ചത്. സംരക്ഷണം ഉറപ്പാക്കാൻ കഴിയാതിരുന്നതിനാൽ ശുചിമുറികളെല്ലാം ഉപയോഗശൂന്യമായി. പലതിന്റെയും മേൽക്കൂരയും വാതിലും ഉൾപ്പെടെ തകർന്നിരിക്കുകയാണ്.
ജാഗ്രത വേണം
അടുത്തിടെ നവീകരിച്ച നടപ്പാതയോട് ചേർന്നാണ് അപകടക്കെണിയാകുന്ന സെപ്ടിക് ടാങ്കുകളെല്ലാം. പലതിന്റെയും മുകളിൽ കൂടി കാട്ടുവള്ളികളും ചെടികളും വളർന്ന് ഇറങ്ങിയതിനാൽ വ്യായാമത്തിനും വിനോദനത്തിനുമായി നടക്കാൻ ഇറങ്ങുന്നവരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. കാലുതെറ്റി ഇതിലേക്ക് വീണുപോയാൽ ഗുരുതരമായ പരിക്കുകൾ ഏൽക്കും. ചെറിയ കുട്ടികളാണ് വീഴുന്നതെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.