ഓയൂർ: ഇളമാട് പഞ്ചായത്തിൽ വാളിയോട് വാർഡിലുള്ള 52ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാനായി അനുവദിച്ച 25 ലക്ഷം രൂപ സ്വന്തമായി വസ്തുവില്ലാത്തതിനാൽ പാഴാകുന്നു. വാളിയോട് വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പാർക്ക് പൊളിച്ചുമാറ്റി അങ്കണവാടി നിർമ്മിക്കാൻ ശ്രമിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പാർക്ക് പൊളിച്ചുമാറ്റാതെ പ്രദേശത്ത് തന്നെ വേറെ വസ്തു കണ്ടെത്തി അങ്കണവാടിക്കായി നൽകാമെന്നും ഇതിനായി ഫണ്ട് സ്വരൂപിക്കാമെന്നും നാട്ടുകാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം അറിയിച്ചിട്ടും അധികൃതർ താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാരുടെ ആരോപണം
പഞ്ചായത്ത് ഭരണാധികാരികളോ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോ മുൻകൈയെടുക്കാത്തതിനാലാണ് അങ്കണവാടിക്കായി വസ്തു കണ്ടെത്താൻ കഴിയാത്തത്. കുട്ടികളുടെ പാർക്കിലെ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കളിയുപകരണങ്ങൾ മാറ്റി ഫൈബർ ഉപകരണങ്ങളാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
വാളിയോട് വാർഡിലുള്ള 52ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാനായി അനുവദിച്ച 25 ലക്ഷം രൂപയാണ് സ്വന്തമായി വസ്തുവില്ലാത്തതിനാൽ പാഴാകുന്നത്