തോപ്പിൽക്കടവ് ഭാഗത്തെ ഓടകൾ അപകടഭീഷണിയുന്നു
വിവിധ ഭാഗങ്ങളിൽ ഓടകൾ പൊട്ടിയൊഴുകുന്നു
പരാതിപ്പെട്ടിട്ടും കുലുങ്ങാതെ അധികൃതർ
കൊല്ലം: മേൽമൂടിയില്ലാതെ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന ഓടകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. തോപ്പിൽക്കടവ് ഉൾപ്പെടെ പല ഭാഗങ്ങളിലും ഓടകൾക്ക് മേൽമൂടി ഇല്ല. എസ്.എൻ കോളേജ് ജംഗ്ഷൻ അടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾ നടന്നുപോകുന്ന ഭാഗങ്ങളിൽ ഏത് നിമിഷവും തകർന്ന് വീണേക്കാവുന്ന ദുർബലമായ മേൽമൂടികളാണ് ഓടകൾക്ക്. ദേശീയപാതയോരത്ത് ചോപ്പിൽക്കടവിൽ മേൽമൂടിയില്ലാത്ത ഭാഗത്ത് കാൽനടയാത്രികരും വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.
മേൽമൂടി ഇല്ലാത്ത ഓടകൾ പലതും മാലിന്യം നിറഞ്ഞ് ജലത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. എസ്.എൻ കോളേജ് ജംഗ്ഷനിലെ ഓടകൾ നിറഞ്ഞ് ഏറെ നാളായി ദുർഗന്ധം വമിക്കുന്നുണ്ട്. എന്നാൽ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ പരിഗണിക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളും നാട്ടുകാരും പറയുന്നത്.