c
കുന്നിക്കോട്ടെ പൊലീസുകാരുടെ പരാതി ആര് പരിഹരിക്കും

പത്തനാപുരം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് പൊലീസുകാരാണ്. എന്നാൽ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ പ്രശ്നനങ്ങൾ ആരു പരിഹരിക്കും. നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാപ്പകലില്ലാതെ ഓടി നടക്കുന്ന കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെത്തിയാൽ ഒന്നിരിക്കാൻ പോലും സ്ഥലമില്ല. കുടുസു മുറിയിൽ നിന്ന് തിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടുകയാണ് ഇവിടത്തെ നിയമപാലകർ. വേനൽ കടുത്തതോടെ കുടിവെളളമില്ലാത്തതാണ് മറ്റൊരു പ്രശ്നം.

ഒന്നു വിശ്രമിക്കാനോ വസ്ത്രം മാറുവാനോ ക്വേട്ടേഴ്സുമില്ല. സമീപത്തായി മറ്റൊരു കെട്ടിടം നിർമ്മിച്ച് നിയമപാലകരുടെ പരാതിക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

എസ്.ഐയുടെ കസേരയും പോയി

സ്റ്റേഷൻ ചുമതല സർക്കിൾ ഇൻസ്പെക്ടർ ഏറ്റെടുത്തതോടെ എസ്.ഐക്ക് ഇരിക്കാനുള്ള കസേരയും പോയി!. ഉളള സ്ഥലത്ത് ഞെരുങ്ങിയിരുന്നാണ് പൊലീസുകാർ ജോലിനോക്കുന്നത്. മിക്കവരും പുറത്തുളള താൽകാലിക ഷെഡിലിരുന്നാണ് കേസുകൾ പരിശോധിക്കുന്നത്. പുറത്തു നിന്നു നോക്കിയാൽ ഭംഗിയുണ്ടെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിനെക്കാൾ ദയനീയമാണ് സ്റ്റേഷന്റെ ഉൾവശം.