കുണ്ടറ: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചരിത്രപരമായ തീരുമാനമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആശുപത്രിമുക്ക് എസ്.കെ.വി എൽ.പി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചരിത്രത്തിലാദ്യമായാണ് സർക്കാർ ഖജനാവിൽ നിന്ന് സ്വകാര്യ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായം നൽകുന്നത്. സ്കൂളുകളിൽ എട്ട് മുതൽ 12 വരെയുള്ള ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഈ വർഷം മുതൽ എൽ.പി, യു.പി ക്ലാസ് മുറികളും ഹൈടെക്കായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, കെ.സി. വരദരാജൻ പിള്ള, എസ്. സന്തോഷ് കുമാർ, ജോൺ പ്രശാന്ത് ജേക്കബ്, ഐസക് ഈപ്പൻ, എസ്. ജോയി, വേണുഗോപാലപിള്ള, കുര്യൻ എ. ജോൺ, ആർ. ദേവിക തുടങ്ങിയവർ സംസാരിച്ചു.
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിർദ്ധനായ വിദ്യാർത്ഥികൾ വീട് നിർമ്മിച്ച് നൽകുന്നതുൾപ്പെടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സ്കൂളിൽ നടക്കുന്നത്.