കുണ്ടറ: പേരയം വി സ്റ്റാർ കാഷ്യു ഫാക്ടറി ഉടമ തൊഴിലാളികളുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് പുലർത്തുന്നതായി ആരോപിച്ച് കുണ്ടറ മേഖലാ കശുഅണ്ടി തൊഴിലാളി കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഫാക്ടറി പടിക്കൽ പ്രതിഷേധ യോഗം നടത്തി. കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സെക്രട്ടറി മുളവന രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് ടി. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എസ്. അനിൽകുമാർ, എക്‌സിക്യൂട്ടീവ് അംഗം കെ. രാജൻ, ഫാക്ടറി കൺവീനർമാരായ എം. രമണി, എൽ. ലീല ഏന്നിവർ സംസാരിച്ചു. ഫാക്ടറി അടിയന്തരമായി തുറന്നുപ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം തൊഴിലാളികൾക്ക് നിയമാനുസരണമുള്ള ആനുകൂല്യം നൽകി അവരെ പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു.