കൊട്ടിയം: ഇന്ത്യൻ കറൻസി കീറിയെറിഞ്ഞ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ബേക്കറി ഉടമയ്ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ഉമയനല്ലൂർ ജംഗ്ഷനിൽ ബേക്കറി നടത്തുന്ന കൊല്ലന്റഴികത്ത് നിവാസി(56)നെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതിന്റെ വിരോധത്തിൽ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കീറി നശിപ്പിക്കുന്നതായി ആരോപിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചത്. പണം കൈമാറിയ സെലീന എന്ന യുവതിയുടെ കൺമുന്നിൽ വച്ചാണ് നോട്ടുകൾ വലിച്ചുകീറി ദൂരെയെറിഞ്ഞത്.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് വ്യാപകമായ ആക്ഷേപങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതോടെ നശിപ്പിച്ചത് ഉത്സവസ്ഥലത്ത് നിന്ന് വാങ്ങിയ പ്ലാസ്റ്റിക് നോട്ടുകളായിരുന്നുവെന്ന വിശദീകരണവുമായി നിവാസ് രംഗത്തെത്തി. ഇതിനിടെ സെലീന പൊലീസിന് പരാതി നൽകിയതോടെയാണ് വിവിധ വകുപ്പുകൾ ചുമത്തി കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.