പരവൂർ പൊലീസ് കേസെടുത്തു
പരവൂർ: അർദ്ധരാത്രിയിൽ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായതായി പരാതി. പരവൂർ മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലറായിരുന്ന ഇസ്മായിൽ സാഹിബിന്റെ മകൻ അബ്ദുൽ വഹാബിന്റെ കോങ്ങാൽ തെക്കേചേനവിളയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 1.15ഓടെ നടന്ന ആക്രമണത്തിൽ വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു.
അബ്ദുൽ വഹാബ് പ്രവാസിയാണ്. സംഭവസമയത്ത് ഭാര്യ നദീറയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുസ്ലിം യൂത്ത് ലീഗ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് അൻഷാദ് അഹമ്മദ് സ്ഥലം സന്ദർശിച്ചു. പരവൂർ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.