പരവൂർ: പരവൂരിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കേടായി മാസങ്ങളായിട്ടും പുനഃസ്ഥാപിക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ. ആഴ്ചകൾക്ക് മുമ്പ് പരവൂർ ജംഗ്ഷനിലെ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കുറച്ച് ദിവസം പ്രവർത്തിച്ച ശേഷം വീണ്ടും പഴയപടിയായി.
പരവൂർ മാർക്കറ്റിന് സമീപവും പുതിയിടം ക്ഷേത്രത്തിന് മുൻവശവും സ്ഥാപിച്ചിട്ടുള്ള വിളക്കുകളും പ്രകാശിക്കുന്നില്ല. പുതിയിടം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഇവിടത്തെ വിളക്ക് താഴെ കെട്ടിയിറക്കിയെങ്കിലും ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. മാർക്കറ്റിന് മുന്നിലെ ഹൈമാസ്റ്റ് വിളക്കും താഴ്ത്തി വച്ചിട്ട് ആഴ്ചകൾ പിന്നിടുകയാണ്.
ലൈറ്റുകൾ ഒന്നോടെ പണിമുടക്കിയതോടെ പരവൂരിലെ പ്രധാന ജംഗ്ഷനുകൾ ഇരുട്ടിലായിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. പരവൂരിലെ പ്രദേശങ്ങൾ ഒന്നടങ്കം ഇരുട്ടിലായിട്ടും കുലുക്കമില്ലാത്ത അധികൃതർക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.