photo
കൊട്ടാരക്കരയിൽ നിർമ്മാണം പൂർത്തിയാകുന്ന വില്ലേജ് ഓഫീസ് കെട്ടിടം

ഉദ്ഘാടനം മാർച്ചിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പൂർത്തീകരണത്തിലേക്ക്. മാർച്ചിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുക. റെയിൽവേ സ്റ്റേഷൻ കവലയിൽ എക്സൈസ് സർക്കിൾ ഓഫീസിനോട് ചേർന്നുള്ള റെവന്യൂ ഭൂമിയിലാണ് പുതിയ ഓഫീസ് നിർമ്മിച്ചത്. പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്ത് സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചാണ് വില്ലേജ് ഓഫീസിന് കെട്ടിടമൊരുക്കിയത്. നിർമ്മിതി കേന്ദ്രത്തിന്റെ നിർമ്മാണ ചുമതലയിൽ മതിയായ സൗകര്യങ്ങളോടെ ഒറ്റനിലക്കെട്ടിടം പൂർത്തിയായിട്ടുണ്ട്. ഇനി അവസാനവട്ട മിനുക്കുപണികളും ഓഫീസ് ക്രമീകരിക്കലും ചുറ്റുമതിൽ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും മാത്രമാണ് ശേഷിക്കുന്നത്. ജീവനക്കാർക്കും ഓഫീസർക്കും പ്രത്യേകം മുറികൾ, സന്ദർശകർക്ക് വിശ്രമിക്കാനിടം, റെക്കാർഡ് റൂം, ടോയ്ലറ്റ് സംവിധാനം എന്നിവയാണ് സജ്ജമാക്കുക. മുന്നിൽ പൂന്തോട്ടവും പാർക്കിംഗ് സംവിധാനങ്ങളുമൊരുക്കും.

ദുരിതംമാറി

റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായി ഓടിട്ട പഴയ കെട്ടിടത്തിൽ തീർത്തും ദുരിതാവസ്ഥയിലാണ് പതിറ്റാണ്ടുകളായി വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഓഫീസിന്റെ ജീർണാവസ്ഥ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായെത്തുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്നു. സർട്ടിഫിക്കറ്റുകൾക്കും കരമൊടുക്കാനുമായി ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. ഹൈടെക് സംവിധാനത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.

അടിമുടി മാറും

കെട്ടിടത്തിന്റെ മെച്ചം മാത്രമല്ല അടിമുടി മാറ്റമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. കമ്പ്യൂട്ടർവൽകൃത ഓഫീസിൽ സമയബന്ധിതമായി സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാം. ഹൈടെക് ആണെങ്കിലും പ്രകൃതി സൗഹൃദമാക്കുവാനാണ് തീരുമാനം. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ വേഗത്തിൽ ഫയലുകൾ തീർപ്പാക്കുന്നതുൾപ്പടെ എല്ലാം സ്മാർട്ടാക്കും.

സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചാണ് വില്ലേജ് ഓഫീസിന് കെട്ടിടമൊരുക്കുന്നത്