zz
പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുത ട്യൂബുകളും ദീപാലങ്കാരങ്ങളും യുവാക്കൾ ഉൾപ്പെടുന്ന ഒൻപതംഗ സംഘം അടിച്ചു തകർത്തതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ

പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുത ട്യൂബുകളും ദീപാലങ്കാരങ്ങളും യുവാക്കൾ ഉൾപ്പെടുന്ന ഒൻപതംഗ സംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും പറയുന്നു. ക്ഷേത്രത്തിന് സമീപം കല്ലട ആറിന് കുറുകെയുള്ള ഇരുമ്പ് പാലത്തിലും സമീപത്തുമുള്ള വൈദ്യുത വിളക്കുകളാണ് യുവാക്കൾ തകർത്തത്. പാലത്തിന് കീഴിൽ രാപ്പകൽ വ്യത്യാസമില്ലാതെ മദ്യപസംഘം തമ്പടിക്കുന്നത് ഇതുവഴി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടാണെന്ന് പരാതിയുണ്ട്. ഇന്നലെ പകൽ സമയം ഇവിടെ കുളിക്കാനെത്തിയ യുവാവിനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചെന്നും സമീപത്ത് താമസിക്കുന്ന വയോധികരായ രാമചന്ദ്രൻ ആചാരിയോടും ഭാര്യ രുഗ്മിണിയോടും മോശമായി പെരുമാറിയെന്നും പ്രദേശവാസികൾ പറയുന്നു. ഉത്സവം പ്രമാണിച്ച് കിഴക്കേഭാഗം,​ ചേകം,​ നടുക്കുന്ന് ദേശം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് ക്ഷേത്ര ദർശനത്തിന് പോകാനായാണ് വഴിവിളക്ക് സ്ഥാപിച്ചിരുന്നത്. പ്രദേശവാസികളായ യുവാക്കൾക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയും കവല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറും പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. പ്രതികളെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊല്ലം എസ്.പിയുടെ നിർദ്ദേശപ്രകാരം സി.ഐ അൻവർ, എസ്.ഐ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.