c
കല്ലടയാറ്റിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കിണർ

കൊല്ലം: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഞാങ്കടവ് കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ. ഞാങ്കടവിൽ നിന്നെത്തിക്കുന്ന ജലം ശുദ്ധീകരിക്കാൻ വസൂരിച്ചിറയിൽ നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ രൂപരേഖയ്ക്കെതിരെ നിർമ്മാണ കമ്പനി കോടതിയെ സമീപിച്ചു. കേസ് തീർപ്പാക്കൽ നീണ്ടാൽ പദ്ധതി വൈകും.

 തർക്കത്തിന്റെ അടിസ്ഥാനം

1.വിവിധ നിലകളിലായി ഫിൽട്ടർ യൂണിറ്റ്, 45 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക്, ഫിൽറ്റർ ഹൗസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ലാബ് എന്നിവയടങ്ങിയതാണ് വസൂരിച്ചിറയിൽ നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് സമുച്ചയം.

2. ചതുപ്പ് പ്രദേശമായതിനാൽ 42.5 മീറ്റർ ആഴത്തിൽ പൈൽ ചെയ്ത ശേഷം മുകളിലേക്ക് നിർമ്മാണം നടത്താനുള്ള രൂപരേഖയാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റി തയ്യാറാക്കിയത്.

3. ഇതുപ്രകാരം 54 കോടിയുടെ എസ്റ്റിമേറ്റിലാണ് പ്ലാന്റ് നിർമ്മാണം ടെണ്ടർ ചെയ്തത്.

4. 43 കോടിക്ക് കരാർ എറ്റെടുത്ത നിർമ്മാണ കമ്പനി 12 മീറ്റർ ആഴത്തിൽ പൈൽ ചെയ്താൽ മതിയെന്ന നിലപാടിലാണ്.

5. കരാർ പ്രകാരം നിർമ്മാണ ഏജൻസിക്കും സ്വന്തമായി സാങ്കേതിക പഠനം നടത്താം. ഈ പഴുത് ഉപയോഗിച്ച് സ്വന്തമായി പഠനം നടത്തിയാണ് പൈലിംഗിന്റെ ആഴം കുറയ്ക്കാൻ കമ്പനി ശ്രമിക്കുന്നത്.

6. പൈലിംഗിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് വാട്ടർ അതോറിറ്റി സ്വീകരിച്ചതോടെയാണ് കരാറുകാരൻ മൂന്നാഴ്ച മുൻപ് ഹൈക്കോടതിയെ സമീപിച്ചത്.

 575 കി. മീ.വിതരണ ശൃംഖല

450 കിലോ മീറ്ററാണ് നഗരത്തിൽ നിലവിലുള്ള കുടിവെള്ള വിതരണ ശൃംഖല. പുതുതായി 575 കിലോ മീറ്റർ വിതരണ പൈപ്പ് സ്ഥാപിക്കുന്നുള്ള രൂപരേഖ ജല അതോറിറ്റി തയ്യാറാക്കി വരികയാണ്.

 ഞാങ്കടവ് പദ്ധതി ചെലവ്: 313.35 കോടി

കിഫ്ബി ഫണ്ട് : 235 കോടി

അമൃത് ഫണ്ട്: 78.35 കോടി

പദ്ധതി കാലം

തുടങ്ങിയത്: 2018 ഡിസംബർ

ഉദ്ഘാടന ലക്ഷ്യം: 2020 ജൂൺ

സാദ്ധ്യത: 2021 ഫെബ്രുവരി

 പൂർത്തിയായത്

ഞാങ്കടവിൽ കിണർ: 99 %

ഞാങ്കടവ് - വസൂരിച്ചിറ പൈപ്പ് ലൈൻ: 22 കി. മീ (ആകെ 28 കി.മീ)

വസൂരിച്ചിറയിലെ ജലസംഭരണി: 50 %

ടാങ്കിന്റെ സംഭരണശേഷി: 20 ലക്ഷം

വസൂരിച്ചിറ- വടക്കേവിള ടാങ്ക് പൈപ്പ് ലൈൻ: 3.3 കി.മീ (ആകെ: 3.5 കി.മീ (90%)

 അവശേഷിക്കുന്ന നിർമ്മാണം

1.വസൂരിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ലാന്റ്

2. മണിച്ചിത്തോട്ടിൽ സംഭരണ ടാങ്ക്

3. വസൂരിച്ചിറയിൽ നിന്നും മണിച്ചത്തോട്ടിലേക്ക് പമ്പിംഗ് മെയിൻ

4. മണിച്ചിത്തോട്ടിൽ നിന്നും ആനന്ദവല്ലീശ്വരം ടാങ്കിലേക്ക് പൈപ്പ് ലൈൻ

5.വസൂരിച്ചിറയിൽ മൂന്ന് പമ്പുകൾ (90 എച്ച്.പി, 45 എച്ച്.പി, 405 എച്ച്.പി)
6. ഞാങ്കടവിൽ 805 എച്ച്.പി ശേഷിയുള്ള രണ്ട് പമ്പുകൾ