പത്തനാപുരം: വേനൽ കടുത്തതോടെ ജലാശയങ്ങളും കിണറുകളും വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായിട്ടും സബ് കനാലുകൾ കൊണ്ട് പ്രയോജനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. വലതുകര പ്രധാന കനാലിൽ വെള്ളമെത്തിയ ശേഷം പുന്നല, അലിമുക്ക്, പിറവന്തൂർ തുടങ്ങിയ മേഖലകളിൽ സബ് കനാൽ വഴി ജലം ലഭ്യമാകുന്നുണ്ട്. എന്നാൽ ചേകം, വാഴതോപ്പ്, പുത്തൻകട, കിഴക്കേ ഭാഗം മേഖലകളിൽ സബ് കനാൽ വഴി വെള്ളം എത്തുന്നില്ല. കൃഷിയെ കൂടുതലായി ആശ്രയിക്കുന്നവരാണ് ചേകം, വാഴതോപ്പ്, പുത്തൻകട, കിഴക്കേ ഭാഗം മേഖലകളിലുള്ളവർ. ഈ പ്രദേശങ്ങളിൽ വേനൽക്കാലത്ത് കനാൽ ജലമെത്തുന്നത് മുൻ വർഷങ്ങളിൽ കാർഷിക വിളകൾക്ക് ഏറെ പ്രയോജനകരമായിരുന്നു. വേനൽച്ചൂടിൽ കൃഷി നശിക്കുന്നത് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെയാണ് ഏറെ ബാധിക്കുന്നത്.
വേനൽക്കാലത്ത് ജലക്ഷാമത്തിനെ നേരിടുന്നത് കനാലുകൾ മുഖേനെയാണ്. സബ് കനാൽ വഴി വെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകണം.
ചേത്തടി ശശി, പൊതുപ്രവർത്തകൻ
കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. കനാലുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ജലമെത്തിക്കണം.
ആർ രജികുമാർ ( അനി കൊച്ച്), ഗ്രാമ പഞ്ചായത്ത് അംഗം, അലി മുക്ക് വാർഡ് )
കുടിവെള്ളത്തിന് നെട്ടോട്ടം
നിലവിൽ മിക്ക കിണറുകളും വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മുൻ വർഷങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോൾ പഞ്ചായത്ത് അധികൃതർ ടാങ്കർ ലോറികളിൽ കുടി വെള്ളം എത്തിച്ചിരുന്നു. കനാലിൽ വെള്ളമെത്തിയിരുന്നെങ്കിൽ ഊറ്റ് എത്തി കിണറുകളിലും വെള്ളം ആകുമായിരുന്നു.
സബ് കനാലുകളിൽ കാട് കയറുന്നു
സബ്കനാലുകളുടെ മിക്ക ഭാഗങ്ങളും വൃത്തിയാക്കിയെങ്കിലും ചില ഭാഗങ്ങൾ കാട്കയറി പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. പുത്തൻകട ഭാഗത്ത് മിനി അക്വഡേറ്റ് ഭിത്തികൾ തകർന്ന് വെള്ളം പാഴാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. വർഷാവർഷം കാട് നീക്കം ചെയ്യാറുണ്ടെങ്കിലും മിക്ക സ്ഥലത്തും മെയിന്റനൻസ് നടത്താറില്ലെന്നും ആക്ഷേപമുണ്ട്.