കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കാക്കത്തുരുത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ആലുംകടവ് പമ്പ് ഹൗസിൽ നിന്ന് പുതിയ പൈപ്പ് ലൈൻ കാക്കത്തുരുത്തിലേക്ക് നിർമ്മിച്ച് തുടങ്ങി. ആലുംകടവ് പമ്പ് ഹൗസിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ടാണ് പുതിയ പൈപ്പ് ലൈൻ നിർമ്മിക്കുന്നത്. പൈപ്പ് ലൈനിന്റെ പണി ഏതാണ്ട് പൂർത്തീകരണത്തിന്റെ വക്കിലാണ്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും ആലപ്പാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നൽകിയ 4.37 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
100ൽ അധികം കുടുംബങ്ങൾക്കാണ് പുതിയ പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും ആലപ്പാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നൽകിയ 4.37 ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പ് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പുതിയ പൈപ്പ് ലൈനിലൂടെ കുടിവെള്ളം കാക്കത്തുരിത്തിലേക്കും പഴയ പൈപ്പ് ലൈൻ വഴി ആലുംകടവിലേക്കും പമ്പ് ചെയ്യാൻ കഴിയും
വാട്ടർ ആതോരിറ്റി ഉദ്യോഗസ്ഥർ
പഴയ പൈപ്പ് ലൈനിൽ തടസങ്ങൾ
ആലുംകടവ് പമ്പ് ഹൗസിലെ പഴയ പൈപ്പ് ലൈനിൽ തടസങ്ങൾ ഏറെയാണ്. ഇതു കാരണം വെള്ളത്തിന്റെ ഒഴുക്കിന് തടസം നേരിടാറുണ്ട്. ആലുംകടവ് ഭാഗത്തും കാക്കത്തുരുത്തിലും കുടിവെള്ള വിതരണം പലപ്പോഴും മുടങ്ങാറുമുണ്ട്. പ്രദേശവാസികൾ പല തവണ കുടിവെള്ള വിതരണം മുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വെള്ളമെത്തിക്കുന്നത് ടാങ്കർ ലോറിയിൽ
ജനങ്ങൾ താമസിക്കുന്നത് ടി.എസ് കനാലിന്റെ തീരത്തായതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി പൈപ്പ് വെള്ളത്തെയാണ് കൂടുതലായും ആശ്രയിക്കുന്നത്. കായൽ തീരത്തുള്ള കിണറുകളിലെ വെള്ളത്തിന് ഉപ്പ് രസമാണ്. നിലവിൽ ഇവിടുത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നഗരസഭ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുകയാണ്.