കൊട്ടാരക്കര: കൊട്ടാരക്കര ടൗണിൽ കോൺക്രീറ്റ് സ്ളാബ് ഇളക്കിയിട്ടിരുന്ന ഓടയിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര മുസ്ളിം സ്ട്രീറ്റ് റയ് ഹാൻ മൻസിലിൽ ബദറുദ്ദീന്റെ ഭാര്യ ബീവിജാനാണ് (62) പരിക്കേറ്റത്. സാരമായി തലയ്ക്കു പരിക്കേറ്റ ബീവിജാനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ കുന്നിക്കോട്ടുള്ള ബന്ധുവീട്ടിലേക്കു പോകാനിറങ്ങിയതാണ് ബീവിജാൻ. മാർക്കറ്റ് ജംഗ്ഷനിലെ ഫൻറാസിയ ടെക്സ്റ്റയിൽസിൽ നിന്ന് തുണി വാങ്ങി പുറത്തേക്കിറങ്ങവേ കടയയ്ക്കു മുന്നിലുള്ള ഓടയിൽ തലയിടിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബീവിജാനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബീവി ജാൻ അപകടത്തിൽപ്പെടുന്നതിനു രണ്ടു മണിക്കൂർ മുമ്പ് ഓടക്കു സമീപത്തു കൂടി കടന്നു പോയ മദ്ധ്യവയസ്കയ്ക്കും ഓടയിൽ വീണ് അപകടം സംഭവിച്ചിരുന്നു.
കൊട്ടാരക്കര പുലമൺ കോളേജ് ജംഗ്ഷൻ മുതൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള റോഡ് വികസനം പുരോഗമിക്കുന്നതിന്റെ ഭാഗമായി പതിന്നാലു ദിവസം മുമ്പ് ഇവിടെ സ്ളാബുകൾ ഇളക്കിയിട്ടതാണ്.