fore
സുമേഷ്

പുനലൂർ: കാടുകാണാനെത്തി കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ട യുവാവ് പതിനാല് മണിക്കൂറിനുശേഷം പുറംലോകത്ത് എത്തി. കൊടുംകാട്ടിൽ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കൂറ്റൻ മരത്തിൽ കയറി ഒരുരാത്രി മുഴുവൻ പൊത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. കോട്ടയം പുതുപ്പള്ളി കൊച്ചുപറമ്പിൽ വീട്ടിൽ സുമേഷാണ് (22) വനത്തിൽ കുടുങ്ങിയത്.

പുതുപ്പള്ളിയിൽ നിന്ന് ഞായറാഴ്ച രാവിലെ 9ന് ബന്ധുവുമായ അജേഷുമൊത്ത് ബൈക്കിൽ പുറപ്പെട്ട സുമേഷ് തെന്മല ഇക്കോടൂറിസം മേഖല സന്ദർശിച്ചശേഷം ആര്യങ്കാവ് വഴി റോസ് മലയിൽ എത്തി.വൈകിട്ട് 4ന് നാട്ടിലേക്കു മടങ്ങവേയാണ് വനമേഖലയിൽ കാട്ടുപോത്തിനെ കണ്ടത്.ഭയന്ന് വിറച്ച സുമേഷ് ഉൾവനത്തിലേക്കാണ് ഓടിക്കയറിയത്. അജേഷ് വനമേഖലയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.റോസ് മലയിൽ എത്തിയ അജേഷ് നാട്ടുകാരോട് വിവരം പറഞ്ഞു. തെന്മല എസ്.ഐ.പ്രവീൺകുമാർ, റേഞ്ച് ഓഫീസർ ബിജു.കെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി 9വരെ വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഈ സമയം, ഉൾവനത്തിൽ അകപ്പെട്ട സുമേഷ് ദിശ തെറ്റി കാട്ടിൽ അലയുകയായിരുന്നു. ഇരുട്ട് വീണതോടെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കൂറ്റൻ മരത്തിൽ കയറി ഇരിപ്പുറപ്പിച്ചു. തെരഞ്ഞുവരുന്നവർ കാണാൻ വേണ്ടി ഷർട്ട് മരത്തിന്റെ താഴത്തെ ശിഖരത്തിൽ കെട്ടിയിരുന്നു. രാത്രി ഏറിയതോടെ കാട്ടു മൃഗങ്ങൾ പലതും മരച്ചുവട്ടിൽ വന്നുവെന്ന് സുമേഷ് പറയുന്നു. ശബ്ദമുണ്ടാക്കി അവയെ അകറ്റുകയായിരുന്നു.

ഇന്നലെ രാവിലെ 8ന് പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ അഷറഫിന്റെ നേതൃത്വത്തിൽ പൊലീസും, വനപാലകരും തെരച്ചിലിന് പുറപ്പെടാനൊരുങ്ങവേയാണ് യുവാവ് ആര്യങ്കാവ് -റോസ് മല റോഡിൽ എത്തിയ വിവരം അറിയുന്നത്. ഉടൻ സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മകനെ കാണാതായത് അറിഞ്ഞ് എത്തിയ മാതാവ് മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം മകനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.