ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ തുറന്നില്ല. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. മേൽപ്പാലം അടച്ചതോടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാമത്തെ പ്ലാറ്റ് ഫോമിലെത്താനും തിരികെ പോകാനും യാത്രക്കാർ പാടുപെടുകയാണ്. ഒരു കിലോമീറ്ററിലധികം നീളമുള്ള പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിൽ നിന്നും ടിക്കറ്റെടുത്ത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തണമെങ്കിൽ ട്രാക്ക് മുറിച്ചു കടന്ന് ഉയരം കൂടിയ പ്ലാറ്റ് ഫോം ചാടിക്കടക്കണമെന്ന് യാത്രക്കാർ പറയുന്നു. നാലു ട്രാക്കുള്ള സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. കുട്ടികളും പ്രായം ചെന്നവരുമായ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ട്രാക്ക് മുറിച്ച് കടക്കൽ അപകടം
രാവിലെയും വൈകിട്ടും തിരക്ക് കൂടുതലായതിനാൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ട്രാക്ക് മുറിച്ചു കടക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന്റെ മെല്ലെപ്പോക്കാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പകൽ സമയത്തും അടച്ചിട്ടിരിക്കുന്ന പാലത്തിൽ രാത്രി സമയത്ത് മാത്രമാണ് പണി നടക്കാറുള്ളതെന്ന് യാത്രക്കാർ പറയുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നത് കുറ്റകരമാണെന്നിരിക്കേ ഒരാഴ്ചയിലധികമായി ആയിരക്കണക്കിനു യാത്രക്കാരാണ് ഒരേ സമയം ട്രാക്ക് ചാടിക്കടക്കുന്നത്.