ചവറ: ദേശീയപാതയോരത്ത് തള്ളിയ കോഴി മാലിന്യത്തിനു തീ പിടിച്ചത് ആശങ്കയ്ക്ക് ഇടയായി. ചവറ നല്ലേഴ്ത്തുമുക്കിന് തെക്കു വശത്താണ് സംഭവം. ഇന്നലെ രാവിലെ പത്തോടെ പുല്ലിന് തീപിടിച്ചുവെന്ന വിവരത്തെ തുടർന്ന് ചവറ ഫയർഫോഴ്സ് എത്തിയപ്പോഴാണ് കോഴി മാലിന്യത്തിൽ ആരോ തീയിട്ടതാണെന്ന് കണ്ടെത്തിയത്. കോഴി മാലിന്യം നിരവധി ചാക്കുകളിലാക്കി തള്ളിയത് ശനിയാഴ്ച്ചയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ വിവരം അറിയിച്ചെങ്കിലും പിറ്റേ ദിവസം ഞായറാഴ്ച്ച ആയതിനാൽ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായില്ല. എന്നാൽ മാലിന്യത്തിൽ നിന്ന് ദുർഗന്ധം രൂക്ഷമായതോടെ ആരോ അതിനു തീയിടുകയായിരുന്നു. റോഡരികിലെ കുറ്റിക്കാട്ടിൽ കിടന്ന ഇലക്ട്രിസിറ്റിയുടെ പഴയ തടി തൂണുകളിലേയ്ക്കും തീ പടർന്നു പിടിച്ചു. ഫയർഫോഴ്സെത്തിയാണ് കുറ്റിക്കാടിലേക്ക് പടർന്ന് പിടിച്ച തീ കെടുത്തിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് സമീപത്ത് കുഴിയെടുത്ത് മാലിന്യം മൂടുകയായിരുന്നു.