കൊല്ലം: ജീവിതകാലമത്രയും തൊഴിലാളി വർഗ്ഗത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നിഷ്കളങ്കനും നിസ്വാർത്ഥനുമായ നേതാവായിരുന്നു ആർ.എസ്. ഉണ്ണിയെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം ദേശീയ മാതൃകയാണ്. നിയമസഭാ പ്രവർത്തനം സുഗമവും സുതാര്യവുമാക്കുന്നതിനായി ആർ.എസ്. ഉണ്ണി നടപ്പാക്കിയ സബ്ജക്ടറ്റ് കമ്മിറ്റിയും സെലക്ട് കമ്മറ്റിയും പിന്നീട് മറ്റ് നിയമസഭകൾക്കും, പാർലമെന്റിനും മാതൃകയായി മാറി. ചുരുങ്ങിയകാലം കേരള നിയമസഭാ സ്പീക്കറുടെ ചുമതല വഹിച്ചപ്പോഴാണ് ഈ പരിഷ്കാരം അദ്ദേഹം നടപ്പിലാക്കിയത്.
1980ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ചലനാത്മകമാക്കി. അധികാരവികേന്ദ്രീകരണം ലക്ഷ്യമാക്കി ജില്ലാ കൗൺസിൽ നിയമം പ്രാവർത്തികമാക്കിയതും ഇന്ത്യയിൽ ആദ്യമായി 'തോട്ടിപ്പണി' നിയമം മൂലം നിറുത്തലാക്കിയതും ആർ.എസ്. ഉണ്ണിയാണ്. തൊഴിലാളി പ്രവർത്തനത്തിലൂടെ വളർന്ന് മികച്ച പാർലമെന്റേറിയനും ഭരണകർത്താവുമായി മാറിയ ആർ.എസ്. ഉണ്ണിയുടെ സ്മരണ എന്നെന്നും നിലനിൽക്കും.
21-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോമോസ് അങ്കണത്തിലെ സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എൻ.കെ. പ്രേചന്ദ്രൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രിമാരായ ബാബു ദിവാകരൻ, ഷിബു ബേബിജോൺ, ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, കോമോസ് പ്രസിഡന്റ് കെ.പി. ഉണ്ണികൃഷ്ണൻ, പി. പ്രകാശ് ബാബു, ജെ.മധു, രാജേന്ദ്രപ്രസാദ്, ടി.സി.വിജയൻ, ഉല്ലാസ് കോവൂർ, കെ.സിസിലി, കുരീപ്പുഴ മോഹൻ, സജി ഡി. ആനന്ദ്, മീനാകുമാരി, അഡ്വ. ദീപ, ബാബു ജോസഫ് ആർ.കെ. പിള്ള, ദിലീപ് മംഗലഭാനു, ബി. ഓമനക്കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു.