കടയ്ക്കൽ /പാരിപ്പള്ളി: വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞുള്ള സിഞ്ചുവിന്റെയും ജിജുവിന്റെയും മടക്കയാത്ര അന്ത്യയാത്രയായി. ഇന്നലെ പുലർച്ചെ പുളിയൻകുടി ദേശീയപാതയിൽ നടന്ന അപകടത്തിൽ മണ്ണൂർ സ്വദേശി സിഞ്ചു കെ. നൈനാനും ബന്ധു കല്ലുവാതുക്കൽ സ്വദേശി ജിജു തോമസും മരിച്ച വിവരം അവരെ കാത്തിരുന്ന ബന്ധുക്കൾ നടുക്കത്തോടെയാണ് കേട്ടത്.
ജിജുവിന്റെ മകൾ ഒരു വയസുകാരി ജോ അന്നയുടെ ജന്മദിനം ആഘോഷിക്കാനും വേളാങ്കണ്ണി മാതാവിനുള്ള വഴിപാട് അർപ്പിക്കാനുമാണ് ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജിജുതോമസ് കഴിഞ്ഞ 7ന് നാട്ടിൽ എത്തിയത്. ഇരുപതാം തീയതി തിരിച്ചു പോകേണ്ടതായിരുന്നു.ജിജുവിന്റെ ഭാര്യ ജിബി മേവറം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ നേഴ്സാണ്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഒൻപതാം തീയതി ആയിരുന്നു മകളുടെ ജന്മദിനം. അത് കഴിഞ്ഞു ഈ ശനിയാഴ്ചയാണ് വേളാങ്കണ്ണിക്ക് പുറപ്പെട്ടത്.
അഞ്ചലിലുള്ള ബന്ധുവീട്ടിൽ ഒത്തുകൂടിയശേഷം സിഞ്ചുവിന്റെ കാറിലാണ് രാത്രി 9 മണിയോടെ യാത്ര തിരിച്ചത്.
വർഷങ്ങളായി യു.എ.ഇയിലെ റാസൽഖൈമയിലെ സ്റ്റീഫൻ റോക്ക് കമ്പനിയിൽ ഹെവി വെഹിക്കിൾ ഓപ്പറേറ്ററായിരുന്ന സിഞ്ചു കെ നൈനാൻ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെ മൂന്ന് മാസം മുമ്പ് വീട്ടുമുറ്റത്ത് കാൽ വഴുതി വീഴുകയും ഇടതുകാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തിരുന്നു. പരിക്ക് ഭേദമായി വരുന്നതിനിടെയാണ് വേളാങ്കണ്ണിയാത്ര പോയത്.ഭാര്യ: നിഷാ വർഗീസ് കുണ്ടറയിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്. മകൾ: അഭിയ.
മൃതദേഹങ്ങൾ തെങ്കാശി ആശുപത്രിയിൽ നിന്ന് ഇന്നലെ പോസ്റ്റുമോർട്ടത്തിനുശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. വിദേശത്തുള്ള ബന്ധുക്കൾ നാട്ടിലെത്തിയശേഷം സിഞ്ചുവിന്റെ മൃതദേഹം മണ്ണൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജിജുവിന്റെ സംസ്ക്കാരം നാളെ (ബുധൻ) അടുതല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.