drug

കൊല്ലം: മയക്കുമരുന്നിലെ പ്രധാനിയായ എം.ഡി.എം.എ (മിഥലിൻ ഡയോക്സി മെത്താഫിറ്റമിൻ) കേരളത്തിലും സുലഭമായതോടെ വിദ്യാർത്ഥികളും യുവാക്കളുമടങ്ങുന്ന കൗമാരവും ഇതിന്റെ ലഹരിയിൽ വീഴുന്നു. സമ്പന്നർക്കിടയിൽ പ്രചരിച്ചിരുന്ന എം.ഡി.എം.എ ഇപ്പോൾ സർവസാധാരണമായി. ഇടനിലക്കാരാണ് ഗ്രാമപ്രദേശങ്ങളിൽ എത്തിക്കുന്നത്. എക്സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും എം.ഡി.എം.എ അറിയപ്പെടുന്നുണ്ട്. വീര്യം കൂടിയതും കുറഞ്ഞതും അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും. ക്യാപ്സ്യൂൾ, ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ ലഭ്യമാണ്.

കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ എക്സൈസ് പിടിയിലായ തിരുവനന്തപുരം മലയഞ്ചേരി പഴയമഠത്തിൽ വീട്ടിൽ ഗോകുലിന്റെ (24) പക്കൽ നിന്ന് പിടിച്ചെടുത്തത് പൊടി രൂപത്തിലുള്ള എം.ഡി.എം.എയുടെ ക്രിസ്‌മെട്ട് ഇനമാണ്. മൂവാറ്റുപുഴ എടയ്ക്കാട്ടുവയലിൽ മൃഗാശുപത്രി ക്വാർട്ടേഴ്സിൽ നിന്ന് കഴിഞ്ഞ ദിവസം 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കേസുകളിലും ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്ന് വ്യക്തമായി. കേരളത്തിലെത്തിച്ച് ഇടനിലക്കാർ മുഖേന ആവശ്യക്കാരുടെ അടുത്തെത്തുന്നതോടെ വില പതിന്മടങ്ങ് വർദ്ധിക്കും. സ്കൂൾ, കോളേജ് പരിസരങ്ങളിലാണ് വിൽപ്പന കൂടുതൽ. വിദ്യാർത്ഥികളെ ഏജന്റുമാരാക്കി മാറ്റുകയാണ് ലഹരി മാഫിയയുടെ രീതി. കൂട്ടത്തിലുള്ള ഒറ്റുകാർ മുഖേന മാത്രമാണ് വല്ലപ്പോഴും പൊലീസും എക്സൈസും നർക്കോട്ടിക് സെല്ലും വിൽപ്പനക്കാരെ പിടികൂടുന്നത്.

ബംഗളൂരുവിൽ സുലഭം

അന്തർ സംസ്ഥാന വോൾവോ ബസുകളിലാണ് പലപ്പോഴും മയക്കുമരുന്നിന്റെ കടത്ത്. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ബംഗളൂരുവിലെത്തിയാൽ ആവശ്യമുള്ള മയക്ക് മരുന്ന് സുരക്ഷിതമായി ലഭിക്കും. ബസിൽ യാത്ര ചെയ്യുമ്പോൾ സാധാരണ ഉപയോഗിക്കുന്ന ബാഗാണ് ഒപ്പം കരുതുക. ഇതിൽ മറ്റാർക്കും സംശയം തോന്നാത്ത വിധത്തിൽ പൊതികളാക്കി ഒളിപ്പിക്കും. ഇവിടെ എത്തിയാൽ വീണ്ടും ചില്ലറ വിൽപ്പനക്കാരിലേക്ക്. യഥാർത്ഥ വിൽപ്പനക്കാരനായിരിക്കില്ല പലപ്പോഴും ബംഗളൂരുവിൽ പോകുന്നത്. കമ്മിഷൻ പറഞ്ഞുറപ്പിച്ച് ചെറുപ്പക്കാരെയാണ് നിയോഗിക്കുക. പിടിക്കപ്പെട്ടാലും പ്രധാനികളിലേക്ക് അന്വേഷണം എത്താത്ത വിധമാണ് നീക്കങ്ങൾ. ബംഗളൂരുവിൽ നിന്ന് സുരക്ഷിതമായി ഇവിടേക്ക് മയക്കുമരുന്ന് എത്തിച്ചാൽ നിശ്ചയിച്ച കമ്മിഷൻ ലഭിക്കും. താഴേത്തട്ടിലേക്ക് അടുത്ത ആളുകളെ ഉപയോഗിക്കും. മയക്ക് മരുന്നിന്റെ ശൃംഖല വളരെ വലുതായിക്കഴിഞ്ഞതായി അന്വേഷണ ഏജൻസികളും സമ്മതിക്കുന്നു.

കൗമാരം കൂടുതൽ അടുക്കുന്നു

നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോൾ മയക്കുമരുന്നിന്റെ ലഹരിയിലേക്ക് കൗമാരക്കാർ കൂടുതൽ എത്തുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ലഹരി ഉപയോഗിച്ചശേഷമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം സംസ്ഥാന നർക്കോട്ടിക് സെൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാൽ വർദ്ധന വ്യക്തമാകും. എം.ഡി.എം.എം, മാജിക് മഷ്റൂം, ചരസ്, ഓപ്പിയം തുടങ്ങി ചെറുപ്പക്കാരെ മയക്കുന്ന വിവിധ മയക്കുമരുന്നുകളാണ് കേരളത്തിലും സുലഭമായിരിക്കുന്നത്.

ലഹരിയുടെ 'സ്വർഗം'

വളരെ ചെറിയ അളവിൽ എം.ഡി.എം.എ ഉപയോഗിച്ചാൽ പോലും ആറ് മണിക്കൂർവരെ ലഹരിയുടെ സുഖം ലഭിക്കും. വാഹനമോടിച്ചാൽ പൊലീസ് പരിശോധനയിൽ പിടിക്കാൻ കഴിയില്ല. എന്നാൽ, ഇതിന്റെ ഉപയോഗം വിഷാദ രോഗം, ഓർമ്മക്കുറവ്, കാഴ്ച ശക്തി നഷ്ടമാകൽ, ഹൃദ്രോഗം, നാഡികളുടെ തളർച്ച എന്നിവയ്ക്ക് കാരണമാകും.

ആദ്യം ഉപയോഗം, പിന്നെ കാരിയർ

മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവരാണ് പിന്നീട് കാരിയർമാരായി മാറുന്നത്. ഒരേസമയം പണവും ലഹരിയും ലഭിക്കുന്നതാണ് ആകർഷണം. വിതരണ ശൃംഖലയിൽ ചേർന്ന് കാരിയറായി ചെറു പ്രായത്തിൽ അഴിക്കുള്ളിലായവരുടെ പട്ടിക വലുതാണിപ്പോൾ. നഗരങ്ങളിലെ ചില പെൺകുട്ടികളും കാരിയർമാരായി മാറിയിട്ടുണ്ടത്രേ. ഡാൻസ് പാർട്ടികൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കിടയിലെല്ലാം ആവശ്യക്കാരെ തേടി കാരിയർമാർ സജീവമാണ്.