fox

മനുഷ്യനെ കണ്ടാൽ ഓടി ഒളിക്കുന്ന ജീവിയാണ് കുറുക്കൻ. എന്നാൽ ജപ്പാനിൽ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന കുറേ കുറുക്കന്മാരുണ്ട്. ലോകത്ത് ഒരുപക്ഷേ കുറുക്കന്മാർ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്നതും ഇവിടെയായിരിക്കും. ജപ്പാനിലെ മിയാഗിയിൽ സാവോ ഫോക്‌സ് വില്ലേജ് എന്നറിയപ്പെടുന്ന ഗ്രാമം ഇപ്പോൾ വിനോദസഞ്ചാരികൾ ഏറെ തിക്കിത്തിരക്കുന്ന സ്ഥലമാണ്.  ആറ് വ്യത്യസ്ത വർഗത്തിൽപെട്ട അൻപതോളം കുറുക്കന്മാരാണ് ഇവിടെ ഉള്ളത്. ചാര നിറത്തിലും വെള്ളനിറത്തിലുമുള്ള കുറുക്കന്മാർ രസകരമായ ഒരു കാഴ്ച തന്നെയാണൊരുക്കുന്നത്. കുറുക്കന്മാ‌ർ കടിക്കുമെന്നാണ് നമ്മളൊക്കെ കേട്ടിരിക്കുന്നത്. പക്ഷേ ഫോക്‌സ് വില്ലേജിലെ കുറുക്കന്മാർ ആരെയും ഇതുവരെ ഉപദ്രവിച്ച ചരിത്രമില്ല. കാഴ്ചക്കാരിൽ പലരും ഇവയ്ക്കായുള്ള ഭക്ഷണവും കൈയിൽ കരുതും. ഭക്ഷണം എറിഞ്ഞ് നൽകുകയാണ് പതിവെങ്കിലും ചില വിരുതന്മാർ ഇത് കൈയിൽ നിന്നും വാങ്ങി കഴിക്കുന്ന കാഴ്ചയും കാണാനാകും. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഇവ ആർക്കും ശല്യമില്ലാതെ ദൂരെ പോയി കിടന്നുറങ്ങുകയാണ് പതിവ്.വളരെ ആകർഷകവും കൗതുകകരവുമായ വന്യജീവി സാങ്കേതങ്ങൾ ഉള്ള രാജ്യമാണ് ജപ്പാൻ. ബണ്ണി ഐലന്റും ക്യാറ്റ് ഐലന്റുമൊക്കെ പോലെ തന്നെ ‘ഫോക്സ് വില്ലേജും പ്രചാരം നേടിയിരിക്കുകയാണ്. 100 യെൻ ഉപയോഗിച്ചാൽ ഇവിടെ കുറുക്കന്മാരൊടെപ്പം സമയം ചെലവഴിക്കാം.