kollam

 അവശ്യ മരുന്നുകൾ പോലുമില്ല

 മരുന്ന് വാങ്ങാൻ പണമില്ലാതെ രോഗികൾ

കൊല്ലം: പാവപ്പെട്ട രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാക്കി ജില്ലാ ആശുപത്രിയിലെ ഫാർമസി കാലിയായി. ഇല്ലാത്ത മരുന്നുകൾ ഏതൊക്കെയെന്ന് അധികൃതരോട് അന്വേഷിച്ചപ്പോൾ മറുപടി ഇങ്ങനെ " ഇല്ലാത്ത മരുന്നുകൾ പറയാൻ തുടങ്ങിയാൽ ഇപ്പോഴെങ്ങും തീരില്ല. ഉള്ള മരുന്നുകൾ വേണമെങ്കിൽ പറയാം. അത് വിരലിലെണ്ണാവുന്നതേയുള്ളു. ''

'പാരസെറ്റമോൾ" മാത്രമാണ് ഫാർമസിയിൽ സുലഭം. അലർജി, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളും ഓങ്കോളജി മോർഫിൻ, ആന്റിബയോട്ടിക്കുകളായ ടെഫിസിം, ഡോക്സിസൈക്ലിൻ എന്നിവ മാത്രമാണ് സ്റ്റോക്കുള്ളത്. ഡോക്ടർ നൽകുന്ന കുറുപ്പടിയിൽ പതിനഞ്ചിനം മരുന്നുണ്ടെങ്കിൽ അതിൽ ഒന്നോ രണ്ടോ മാത്രമാണ് ഫാർമസിയിൽ നിന്ന് വിതരണം ചെയ്യുന്നത്. ബാക്കിയെല്ലാം പുറത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അതിനാകട്ടെ കൊള്ള വിലയും നൽകണം.

സ്റ്റോക്കില്ലാത്ത അവശ്യമരുന്നുകൾ

അണുബാധയ്ക്ക് നൽകുന്ന ആന്റിബയോട്ടിക്കുകളായ അമോക്സാസിലിൻ, അസിത്രോമൈസിൻ, വിലകൂടിയ ആന്റിബയോട്ടിക്കായ സെഫാപെറാക്സോൺ, ശ്വാസം മുട്ടിനുള്ള ഡെറിഫിലിൻ, സാൽബൂട്ടാമോൾ, മലശോധനയ്ക്കുള്ള ഡൽകോലാക്സ്, ഹൃദയാഘാതത്തിന് നൽകുന്ന എക്കോസ്പിരിൻ, ഇൻജക്ഷൻ മരുന്നുകളായ ആമ്പിസിലിൻ, ജെന്റാമൈസിൻ, പെനിസിലിൻ, ലാസിക്സ്. രക്തസമ്മർദ്ദത്തിനുള്ള ഒരു മരുന്നും ഇല്ല. പേപ്പട്ടി വിഷബാധയ്ക്കെതിരായ ആന്റിസീറവും സ്റ്റോക്കില്ല.

 കണ്ടിട്ടും കാണാതെ

ആരോഗ്യ വകുപ്പ്

ആരോഗ്യവകുപ്പ് ആവശ്യമായ അളവിൽ മരുന്ന് അനുവദിക്കാത്തതാണ് പ്രശ്നം. രോഗികളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ 50 ശതമാനം വർദ്ധനവുണ്ടായി. പക്ഷെ, മരുന്ന് അനുവദിക്കുമ്പോൾ ഈ വർദ്ധന കണക്കിലെടുക്കുന്നില്ല. ആവശ്യപ്പെടുന്നതിന്റെ നാലിലൊന്ന് മരുന്ന് മാത്രമാണനുവദിക്കുന്നത്.

ഈ സാമ്പത്തിക വർഷം: 3.84 കോടിയാണ് മരുന്നു വാങ്ങാൻ അനുവദിച്ചത്.അടുത്ത സാമ്പത്തിക വർഷത്തേക്ക് ആവശ്യപ്പെട്ടത് 17.67 കോടി രൂപ. അനുവദിച്ചത് 4.67 കോടി മാത്രം.

'' സാമ്പത്തിക വർഷത്തിന്റെ അവസാനം മരുന്ന് ക്ഷാമം പതിവാണ്. ജില്ലാ പഞ്ചായത്ത് മരുന്ന് വാങ്ങാൻ 25.80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് മരുന്ന് വാങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷം 2 കോടി അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.''

ഡോ. വസന്തദാസ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)

 വേണ്ടാത്തവർക്ക് വയറുനിറയെ

പാരിപ്പള്ളി മെഡിക്കൽ കോളേജിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് പത്ത് കോടി രൂപയാണ് മരുന്ന് വാങ്ങാനായി അനുവദിച്ചത്. ഇത്രയധികം തുക ആവശ്യമില്ലാത്തതിനാൽ പകുതി തിരിച്ചടച്ചു.

ഒ.പിയിൽ എത്തുന്ന രോഗികൾ

പ്രതിദിനം................. 3000

രണ്ടുവർഷം മുൻപ്.. 2000

മരുന്ന് തുക

ഈ സാമ്പത്തിക വർഷം.......3.84 കോടി

അടുത്ത വർഷത്തേക്ക്.......- 4.67 കോടി

ആവശ്യപ്പെട്ടത്......................17.67 കോടി