പുനലൂർ: ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് പുനലൂർ ടി.ബി ജംഗ്ഷന് സമീപം കല്ലടയാറിന്റെ തീരത്ത് നിർമ്മിച്ച സ്നാനഘട്ടത്തിന്റെ നവീകരണം അനിശ്ചിതത്വത്തിൽ. പത്ത് വർഷം മുമ്പ് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ സ്നാന ഘട്ടവും അനുബന്ധ കെട്ടിടങ്ങളും നിർമ്മിച്ചത്. ഇവയുടെ നവീകരണമാണ് അഞ്ച് മാസമായി ഇഴഞ്ഞുനീങ്ങുന്നത്.
ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 77ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണത്തിന് തുടക്കമിട്ടത്. ആധുനിക സൗകര്യങ്ങളോടെയുളള ശുചിമുറികൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കുളിക്കടവിൽ ശബരിമല തീർത്ഥാടകരുടെ സുരക്ഷാ സംവിധാനം ശക്തമാക്കൽ, കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കെട്ടിടങ്ങളും മറ്റും ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനത്തിന് മുമ്പാണ് പൊളിച്ച് മാറ്റിയത്. പഴയ കെട്ടിടത്തിന്റെ മേൽകൂര പൊളിച്ച ശേഷം കോൺക്രീറ്റ് തൂണുകൾ നിർത്തിയെങ്കിലും പുനർനിർമ്മാണം ആരംഭിച്ചട്ടില്ല. ശബരിമല സീസൺ ആരംഭിച്ചപ്പോൾ താൽക്കാലികമായി നിറുത്തിവച്ച നവീകരണമാണ് ഇപ്പോഴും പുനരാരംഭിക്കാത്തത്. ശബരിമല തീർത്ഥാടകർ അടക്കം മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ കുളിക്കാനിറങ്ങുന്ന കടവാണിത്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
ലക്ഷ്യം ശബരിമല തീർത്ഥാടകരെ
തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പുനലൂർ വഴി ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് കല്ലടയാറിന്റെ തീരത്ത് സ്നാന ഘട്ടവും വിശ്രമ കേന്ദ്രവും സജ്ജീകരിച്ചത്. ഇതിനൊപ്പം തീർത്ഥാടകർക്ക് വിരി വയ്ക്കാനു വിശ്രമിക്കാനും ഇതിനോട് ചേർന്ന് ശൗചാലയങ്ങളും നിർമ്മിച്ചിരുന്നു. കാന്റീനും നിർമ്മിച്ചെങ്കിലും ഇത് കരാർ എടുത്ത് നടത്താൻ ആളില്ലാതാകുമ്പോൾ അടച്ച് പൂട്ടുന്നതും പതിവ് കാഴ്ചയായിമാറുകയാണ്.
സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം
മതിയായ സുരക്ഷ സംവിധാനമില്ലാത്തതിനാൽ ഇവിടെ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധ സംഘങ്ങളുടെയും താവളമായി മാറി. ഇതാണ് കെട്ടിടങ്ങളും മറ്റും നാശത്തിലേക്ക് നീങ്ങാൻ മുഖ്യകാരണം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇവിടെ പാർക്ക് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പത്ത് വർഷം മുമ്പ് നടന്ന ഉദ്ഘാടന ചടങ്ങളിൽ അധികൃതർ പ്രഖ്യാപിച്ചെങ്കിലും നിലവിലെ കെട്ടിടങ്ങൾ സംരക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ.