theft

 മൂന്ന് സ്ഥാപനങ്ങളിൽ മോഷ്ടാവ് കയറി, അരലക്ഷത്തോളം രൂപ നഷ്ടമായി

 സി.സി.ടി.വിയുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും കവർന്നു

കൊല്ലം: സിറ്റി പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ മൂന്ന് സ്ഥാപനങ്ങളിലായി നടന്ന മോഷണത്തിൽ 45,000 രൂപയും സി.സി.ടി.വിയുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും നഷ്‌ടമായി. കമ്മിഷണർ ഓഫീസിലേക്കുള്ള വഴിയിലെ എക്‌സൽ ഗ്രാഫിക്‌സ്, കമൽ സ്റ്റുഡിയോ, കമ്മോഡിറ്റി ട്രേഡ് സെന്റർ എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.

എക്സൽ ഗ്രാഫിക്സ് സെന്ററിൽ സൂക്ഷിച്ചിരുന്ന പണവും ഇവിടത്തെ ഡിജിറ്റൽ വീഡിയോ റെക്കോർഡറുമാണ് കവർന്നത്. മറ്റ് രണ്ടിടങ്ങളിലും മോഷ്ടാവ് അകത്ത് കടന്നുവെന്നല്ലാതെ മോഷണം നടന്നിട്ടില്ല. ഇവിടെ രണ്ടിടത്തും പണം സൂക്ഷിച്ചിരുന്നു. സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല.

ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ച ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് നായ എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ വരെ എത്തി മടങ്ങി. മോഷ്ടാവ് ഒരാൾ മാത്രമാണോ, ഒരു സംഘമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

 അകത്ത് കടന്നത് പിൻവാതിൽ തകർത്ത്

മൂന്നിടങ്ങളിലും മോഷ്ടാവ് അകത്ത് കടന്നത് പിൻവാതിൽ തകർത്താണ്. ഇതിനായി ജാക്കി ലിവറും അമ്മിക്കല്ലുമാണ് ഉപയോഗിച്ചത്. സമീപത്തെ വർക്ക്ഷോപ്പിൽ നിന്നാണ് ജാക്കി ലിവർ എടുത്തത്. മോഷണത്തിന് ശേഷം ജാക്കി ലിവർ അവിടെ തിരിച്ചിടുകയും ചെയ്തു.