poli
പുനലൂർ നഗരസഭയിലെ പവർ ഹൗസ് വാർഡിലെ തലയാംകുളത്തെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നാട്ടുകാർ തടഞ്ഞപ്പോൾ

പുനലൂർ: പുനലൂർ നഗരസഭയിലെ പവർ ഹൗസ് വാർഡിൽ തലയാംകുളത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൻെറ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 11മണിയോടെയാണ് വാർഡ് കൗൺസിലർ ജെ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.

ക്രഷറിൽ നിന്നുയരുന്ന പൊടിശല്യം കാരണം പ്രദേശവാസികൾക്ക് ത്വക്ക് രോഗങ്ങളടക്കം ഉണ്ടാകുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

ഏറെ നാളായി യൂണിറ്റിൻെറ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് നാട്ടുകാർ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. പാറപ്പൊടി കാറ്റിൽപ്പാറി വീടുകളിലേക്ക് എത്തിയതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. പുനലൂർ എസ്.ഐ ജെ. രാജീവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ക്രഷറിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ പൊലീസ് ഉടമയോട് നിർദ്ദേശിച്ചു.

ജില്ലാ കളക്ടർകർക്കും പരാതി

പത്ത് വർത്തോളമായി സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ സംഘടിച്ചത്. ക്രഷറിന്റെ പ്രവർത്തനം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാട്ടി ജില്ലാ കളക്ടർക്കും ഇവർ പരാതി നൽകിയിരുന്നു.

തുടർന്ന് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സ്ഥലത്തെത്തി പരിശോധനകൾ നടത്തിയ ശേഷം താമസക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഈ റിപ്പോർട്ട് കളക്ടർക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രഷറിന്റെ പ്രവർത്തനം നിറുത്തിവച്ചതാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.

ലൈസൻസ് അടുത്തമാസം വരെ

ക്രഷർ യൂണിറ്റിന്റെ ലൈസൻസ് അടുത്ത മാസം 31ന് അവസാനിക്കും. തുടർന്ന് ലൈസൻസ് നൽകരുത് എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്നും വാർഡ് കൗൺസിലർ അടക്കമുളളവർ കൗൺസിൽ യോഗത്തിൽ ലൈസൻസ് നൽകുന്നത് എതിർക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ നഗരസഭാ ചെയർമാൻ,​ സെക്രട്ടറി,​ ആർ.ഡി.ഒ എന്നിവർക്ക് നിവേദനം നൽകി.