photo
വാഹനങ്ങൾക്ക് അപകട ഭീഷണിയായി മാറുന്ന കരോട്ടുമുക്ക്

കരുനാഗപ്പള്ളി: ദേശീയപാത കടന്നുപോകുന്ന കന്നേറ്റിയിലെ കരോട്ടുമുക്ക് വാഹനയാത്രികർക്ക് പേടിസ്വപ്നമാകുന്നു. ഫെബ്രുവരി മാസം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടപ്പോൾ മൂന്ന് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ഇന്നലെ പുലർച്ചെ ടൂറിസ്റ്റ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റതാണ് അവസാനത്തെ സംഭവം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. മുമ്പ് ഉണ്ടായ അപകടങ്ങളും സമാന രീതിയിലുള്ളതാണ്.

കോഴിക്കോട് പുത്തൻചന്ത ഭാഗത്തു നിന്നുള്ള പ്രധാന റോഡു ശ്രീനാരായണ ഗുരു ടൂറിസ്റ്റ് പവലിയനിൽ നിന്നുള്ള റോഡും കരോട്ടുമുക്കിലാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. കന്നേറ്റി പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ അമിത വേഗതയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.

കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന പൊതുമരാമത്ത് റോഡിനേക്കാൾ വളരെ ഉയരത്തിലാണ് ദേശീയപാത. ഇതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം

വാഹനങ്ങൾ കാണാൻ സാധിക്കില്ല

പടിഞ്ഞാറ് ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് കടക്കാനായി എത്തുന്ന വാഹനങ്ങൾക്ക് കന്നേറ്രി പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. അപ്രോച്ച് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ മുൻഭാഗം ദേശീയപാതയിൽ കടക്കുമ്പോൾ മാത്രമാണ് കൊല്ലം ഭാഗത്തു നിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചിരിക്കും.

സിഗ്നൽ സംവിധാനം വേണം

ദേശീയപാതയുടേയും അപ്രോച്ച് റോഡിന്റെയും ഉയരങ്ങളിൽ വന്നിട്ടുള്ള അപാകതയാണ് അപകടങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം. കോഴിക്കോട്ട് നിന്നുള്ള പൊതുമരാമത്ത് റോഡ് കരോട്ടുമുക്കിന് പടിഞ്ഞാറ് ഭാഗത്തു നിന്നും ഉയർത്തിക്കൊണ്ട് വന്നാൽ നിലവിുള്ള അപകടക്കെണിക്ക് പരിഹാരമാകും. കരോട്ട് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണം

ഡ്രൈവവർമാർ

ഇവ അപകട കാരണങ്ങൾ

01. റോഡ് നിർമ്മാണത്തിലെ അപാകത

02. ദേശീയ പാതയുടെ ഉയരക്കൂടുതൽ

03.വാഹനങ്ങളുടെ അമിതവേഗത

04.മുന്നറിയിപ്പ് ബോർഡുകൾ ഇല്ല

05.സിഗ്നൽ സംവിധാനവും സ്വപ്നം

2 ആഴ്ച

3 അപകടം