പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന സാമൂഹ്യ വിരുദ്ധാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ.
പിടവൂർ തരിയൻ തോപ്പ് പ്രണവ് വിലാസത്തിൽ പ്രണവ്, പിടവൂർ കടുവാക്കുന്നിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഏഴുപേർകൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുതി ട്യൂബുകളും ദീപാലങ്കാരങ്ങളുമാണ് പ്രതികൾ അടിച്ചുതകർത്തത്. ക്ഷേത്രത്തിന് സമീപം കല്ലടയാറിന് കുറുകെയുള്ള ഇരുമ്പുപാലത്തിലും സമീപത്തും സ്ഥാപിച്ചിരുന്ന വിളക്കുകളാണ് തകർക്കപ്പെട്ടത്. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയും കവല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറും പൊലീസിൽ പരാതി നൽകിയിരുന്നു. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം പത്തനാപുരം സി.ഐ അൻവർ, എസ്.ഐ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
പാലത്തിന് കീഴിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധർ സംഘടിക്കുന്നത് പതിവാണ്. ഇതുവഴി യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത് ഞായറാഴ്ച്ച പകൽ സമയം കുളിക്കാനെത്തിയ യുവാവിനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചിരുന്നു. സമീപത്തെ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ലഹരിമരുന്ന് വ്യാപരവും ഇവിടെ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.